Chapter
നിങ്ങള്‍ക്കകത്തെ പ്രതിഭയെകണ്ടെത്തുക
നിങ്ങള്‍ക്ക് ഒരു പ്രതിഭയാകുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ അറിയുക, നിങ്ങള്‍ക്കു വേണ്ടത് അടിസ്ഥാനപരമായ ഏഴു ഗുണങ്ങളാണ്. ഈ ഏഴു ഗുണങ്ങളും നിങ്ങളില്‍ സംജാതമാവുമ്പോള്‍ നിങ്ങള്‍ ഒരു മഹാ പ്രതിഭയായിത്തീരുന്നു.
നിങ്ങളുടെ ഹൃദയത്തിനകത്ത് പ്രതിഭയുടെ വല്ല ലക്ഷണങ്ങളും ഉള്ളതായി നിങ്ങള്‍ കാണുന്നുണ്ടോ? നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ? ഇല്ലെങ്കില്‍, പ്രതിഭയായിത്തീരുന്നതിനുളള ഏഴു ഗുണങ്ങളും കുഞ്ഞുന്നാളില്‍ നിങ്ങളില്‍ ഉണ്ടായിരുന്നു. എല്ലാകുഞ്ഞുങ്ങളും ഈ ലോകത്തേക്ക് ജനിച്ചുവീഴുന്നത് നിരവധിയനവധി കഴിവുകളോടെയാണ്. കാലക്രമത്തില്‍ പല കാരണങ്ങളാല്‍ അവ നാം കാണാതെ പോകുന്നു. അപ്പോഴും അവ അവിടെ അകത്തുതന്നെയുണ്ട്. അവ കാണാതിരിക്കുന്നു എന്നു മാത്രമേയുള്ളൂ.
നിരവധിയനവധി കഴിവുകളില്‍ വളരെ പ്രധാനപ്പെട്ട ഈ ഏഴു ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് ആദ്യമായി നമുക്ക് നോക്കാം.
ഇമാജിനേഷന്‍ (ഭാവന)
കാര്യങ്ങളെയും വസ്തുക്കളെയും വസ്തുതകളെയും ഭാവനയില്‍ കാണാനുളള കഴിവ്. കുഞ്ഞുങ്ങളോട് നിങ്ങള്‍ പറഞ്ഞു നോക്കൂ:
''പണ്ടൊരിടത്ത് ഒരു കൊച്ചുഗ്രാമത്തില്‍ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു...'' വെന്ന്. അപ്പോള്‍ തന്നെ അവരുടെ ഭാവന ഉണരുന്നത് നിങ്ങള്‍ക്കു കാണാം. നിങ്ങള്‍ ചെറുതായിരുന്നപ്പോള്‍ നിങ്ങളുടെ ഭാവന ഉണര്‍ന്നത് ഓര്‍ക്കുന്നില്ലേ? അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും രൂപവും ഭാവവും അവരുടെ വീടും വീടിന്റെ നില്‍പ്പും കൊച്ചുഗ്രാമവും അങ്ങനെ പലതും നിങ്ങളുടെ ഭാവനയില്‍ വന്നിരുന്നില്ലേ? നിങ്ങളുടെ അനുഭവത്തിലുളള പലതും ഓര്‍മയില്‍ വരുന്നില്ലേ?
ഈ ഭാവന വളര്‍ന്നു വികസിച്ച് വന്നവരാണ് ശാസ്ത്ര, സാങ്കേതികരംഗം മുതല്‍ മനുഷ്യ പുരോഗതിയുടെ പല രംഗങ്ങളിലും അതികായകന്മാരായിത്തീര്‍ന്നത്. നമുക്കും ഭാവന എന്ന ഈ കഴിവ് കുഞ്ഞുന്നാളില്‍ ഉണ്ടായിരുന്നല്ലോ? നാലിലും അഞ്ചിലുമൊക്കെ പഠിക്കുന്ന പ്രായത്തില്‍ ഞാനും എന്റെ ബാല്യകാല സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി തറവാട്ടു വീട്ടില്‍ വെച്ച് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥ അഭിനയിച്ച് കളിച്ചത് ഇപ്പോഴും ഓര്‍ക്കുകയാണ്... അങ്ങനെ പല കഥകളും ബന്ധുക്കളായ മറ്റു കുട്ടികള്‍ക്ക് അഭിനയിച്ച് കാണിച്ചുകൊടുക്കുമായിരുന്നു. തീര്‍ച്ചയായും, നിങ്ങള്‍ക്കുമുണ്ടാകും ഇത്തരത്തിലുളള നിരവധി രസകരമായ കാര്യങ്ങള്‍ ഓര്‍ക്കുവാന്‍.
പക്ഷേ, എന്റെ ചോദ്യമിതാണ്, ഈ ഇമാജിനേഷന്റെ (ഭാവന) വല്ല അംശവും നിങ്ങള്‍ക്കകത്തിപ്പോള്‍ ബാക്കിയിരിപ്പുണ്ടോ? അനുഭവത്തില്‍ അത് വരുന്നുണ്ടോ? പ്രതിഭയായിത്തീരുന്നതിനുള്ള ഒന്നാംതരം ഗുണമാണിത്. തോമസ് ആല്‍വാ എഡിസണ്‍ പറയുന്ന്ത് നോക്കൂ. അദ്ദേഹം ആരാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. ഒരു മഹാ പ്രതിഭയായിരുന്ന അദ്ദേഹം പറയുന്നു:
“To invent, you need a good imagination and a pile of jnuk” (കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ ഭാവന ആവശ്യമാണ്).
ഇനി ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറയുന്നത് നോക്കൂ:
“Imagination is more important than knowledge. For knowledge is limited to all we now know and understand, while imagination embraces the entire world, and all there ever will be to know and understand”
''അറിവിനേക്കാള്‍ പ്രധാനം ഭാവനയാണ്. കാരണം, അറിവ് നാം ഇന്ന് അറിയുന്നതും മനസ്സിലാക്കുന്നതുമായ എല്ലാറ്റിനോടും പരിമിതമാണ്. എന്നാല്‍ ഭാവന മുഴുലോകത്തെയും ഇനിയും അറിയുവാനുള്ളതും മനസ്സിലാക്കുവാനുള്ളതുമായ കാര്യങ്ങളെയും ഉള്‍ക്കൊള്ളുന്നു''
ഒരു പക്ഷി മീനിനെയും കൊത്തി ഉയരങ്ങളിലേക്ക് പറന്നു പോകുമ്പോള്‍ എട്ടുവയസ്സുകാരനായ ആ കുട്ടി പറഞ്ഞു: ഒരു നാള്‍ നിന്നെപ്പോലെ ഞാനും ഉയരങ്ങളിലേക്ക് പറന്നുപോകും താന്‍ പറക്കുന്നത് ആ കുട്ടി ഭാവനയില്‍ കാണുകയായിരുന്നു. രാമേശ്വരം എന്ന തമിഴ് നാട്ടിലെ കൊച്ചു ഗ്രാമത്തില്‍ നിന്നും ആദ്യമായി വിമാനത്തില്‍ പറന്നതും അതേ പയ്യനായിരുന്നു. ആര്‍മി ഓഫീസറാകാന്‍ പോയി സെലക്ഷന്‍ കിട്ടാതെ വന്ന്, അവസാനം ഇന്ത്യന്‍ ആര്‍മിയെ മുഴുവനും നിയന്ത്രിക്കുന്ന തരത്തിലുളള ഇന്ത്യന്‍ പ്രസിഡന്റായി മാറിയ അബ്ദുള്‍ കലാം എന്ന പ്രതിഭയുടെ അനുഭവമാണിത്.
പക്ഷികളെയും പൂമ്പാറ്റകളെയുമൊക്കെ കണ്ടപ്പോള്‍ ചെറുപ്പത്തില്‍ നമ്മുടെ മനസ്സിലും ഭാവനകള്‍ പീലിവിടര്‍ത്തിയിരുന്നില്ലേ? എവിടെപ്പോയി ആ ഭാവനയൊക്കെയിപ്പോള്‍? അവയൊക്കെ കുട്ടികളുടെ ഭാവനയല്ലേയെന്ന് പറഞ്ഞ് നിങ്ങള്‍ തള്ളുന്നുവെങ്കില്‍ തെറ്റുപറ്റി. ആ ഭാവനയാണ്, അതേ ഭാവനാശക്തിതന്നെയാണ് വളര്‍ന്നു പന്തലിച്ച് പ്രതിഭാശാലിയുടെ ഭാവനയായിത്തീരുന്നത്, അല്ലെങ്കില്‍ ആയിത്തീരേണ്ടത്.
അതേ ഭാവനയാണ് കവിതയും കലയും ജനിപ്പിക്കുന്നത്. ശാസത്രത്തിന്റെ മഹത്തായ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിരിക്കുന്നത് ഭാവനയിലൂടെയാണ്. ആ മഹാപ്രതിഭകളുടെ ഭാവനാ ഫലങ്ങള്‍ പലവിധത്തിലും ഞാനും നിങ്ങളും അനുഭവിക്കുന്നു. വിമാനത്തിലും മറ്റും ഇന്ന് നാം യാത്ര ചെയ്യുന്നത് ഒരു ഉദാഹരണം മാത്രം. ഭാവനാ ശക്തി വളര്‍ന്ന് വികസിക്കുമ്പോള്‍ ഇന്നലെവരെ അസാധ്യമായത് ഇന്ന് സാധ്യമായിത്തീരുന്നു. ഭാവനയിലൂടെ മനുഷ്യന്‍ കണ്ടതുമൂലം നാമിന്ന് ആകാശത്തിലൂടെ പറക്കുന്നു- പറന്ന് പറന്ന് ചന്ദ്രനില്‍ വരെയെത്തി മനുഷ്യന്‍. ചന്ദ്രനില്‍ നിങ്ങള്‍ പോയിട്ടില്ലെങ്കിലും വിമാന യാത്ര ചെയ്തവര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടാകുമല്ലോ?
പണ്ടുമുതലേ പറക്കുന്നത് ഭാവനയില്‍ കണ്ടവരാണ് മനുഷ്യര്‍. ഇന്നത് പുലര്‍ന്നിരിക്കുന്നു. ചെറുപ്പത്തില്‍ നിങ്ങള്‍ ചന്ദ്രനെ നോക്കിക്കളിച്ചത് ഓര്‍മയില്ലേ? നിങ്ങള്‍ നടക്കുന്നിടത്തൊക്കെ നടന്നു വരുന്ന അമ്പിളിമാമന്‍. നിങ്ങള്‍ പോകുന്നിടത്തൊക്കെ നിങ്ങളെ പിന്തുടരുന്ന അമ്പിളിമാമന്‍ എന്തുമാത്രം സങ്കല്‍പങ്ങളും ഭാവനകളും അന്ന് നിങ്ങള്‍ക്കുണ്ടായിരുന്നു. എന്തൊക്കെ സ്വപ്നങ്ങള്‍ അന്നു നിങ്ങള്‍ കണ്ടിരുന്നു. എല്ലാമൊന്ന് ഓര്‍ത്തുനോക്കൂ.
എട്ടിലും ഒമ്പതിലുമൊക്കെ പഠിക്കുന്ന കുട്ടികളെ നിങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ. അല്ലെങ്കില്‍ ആ പ്രായത്തില്‍ നിങ്ങള്‍ക്കുണ്ടായിരുന്ന മാനസികാവസ്ഥയെക്കുറിച്ച് ആലോചിച്ചുനോക്കൂ. എന്തു ചുറുചുറുക്കായിരുന്നു അന്നൊക്കെ. ഏകദേശം ബിരുദത്തിന്റെ പ്രായമായപ്പോഴേക്കും അല്ലെങ്കില്‍ ബിരുദം കഴിയുന്ന പ്രായമായപ്പോഴേക്കും എല്ലാ ചുറുചുറുക്കും ആവിയായിപ്പോയതു പോലെ.
രണ്ടു ബിരുദക്കാര്‍ തമ്മില്‍ കണ്ടുമുട്ടി. ഒരുത്തന്‍ മറ്റവനോട്: ''എന്തൊക്കെയുണ്ടെടാ, എന്താ നിന്റെയവസ്ഥ?''
''ഒന്നും പറയാതിരിക്കലാ നല്ലത്'' - തലതാഴ്ത്തി
കൊണ്ട് മറ്റെയാള്‍.
''എന്തേ കാര്യം?''
''ഭൂതകാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അത്
ഭൂതം പോലെ''
''വര്‍ത്തമാനമോ?''
''വെറുതെ വര്‍ത്തമാനവും പറഞ്ഞിരിക്കുന്നു''
''അപ്പോള്‍ ഭാവിയോ?''
''ഭാവി... അത് ആവിയായിപ്പോയെന്നാ തോന്നുന്നത്''
ഭാവനകള്‍ നശിച്ച് നിരാശയുടെ കാര്‍മേഘങ്ങള്‍ പടര്‍ന്നുപിടിച്ച മനസ്സുകളായി മാറുന്ന അവസ്ഥ. ചെറുപ്പത്തില്‍ നമുക്കുണ്ടായിരുന്ന ഈ കഴിവുകള്‍ എങ്ങോട്ടുപോയി എന്ന അവബോധത്തില്‍ നിങ്ങള്‍ എത്തിക്കഴിഞ്ഞാല്‍ അവയെ നിഷ്പ്രയാസം നിങ്ങള്‍ക്ക് തിരിച്ചുപിടിക്കാന്‍ കഴിയും. അവയെ തിരിച്ചുപിടിക്കുന്നതോടെ നിങ്ങള്‍ക്ക് തിരിച്ചുകിട്ടുന്നത് നിങ്ങളുടെ ജീവിതമാണ്. ജീവിതവിജയമാണ്. ആ വിജയത്തെ അനുഭവിക്കുവാനും അതില്‍ ആന്തരികമായ ആനന്ദം കണ്ടെത്താനുമുളള കഴിവുമാണ്. ജോസഫ് ജ്യൂബെര്‍ട്ട് പറഞ്ഞത് നോക്കൂ:
“Imagination is the eye of the soul”
'ഭാവന ആത്മാവിന്റെ കണ്ണാണ്'
നിങ്ങള്‍ക്ക് നിങ്ങളുടെ ആത്മാവിനെ തിരിച്ചുപിടിക്കാന്‍, നിങ്ങളുടെ അകത്ത് ഉറങ്ങിക്കിടക്കുന്ന അപാരമായ ഊര്‍ജ്ജത്തെ കണ്ടെത്തുവാനുളള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
നൂറ് ബില്യണിലധികം ന്യൂറോണുകള്‍ നിങ്ങളുടെ മസ്തിഷ്‌കത്തിനകത്ത് ഉണ്ടായിട്ട് അതിനെ ഉപയോഗപ്പെടുത്താതെ പോയാല്‍ ചിന്താശേഷിയുളള മനുഷ്യനെ സംബന്ധിച്ചിടത്തോളം അതിനെക്കാള്‍ വലിയ നഷ്ടമെന്താണുളളത്? മഹാപ്രതിഭയായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ മൊത്തത്തിലുള്ള ഈ കഴിവിന്റെ 15-20 ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുളളൂ, ബാക്കി ഭാഗം മുഴുവനും ഉപയോഗിക്കപ്പെടാതെ കിടക്കുകയായിരുന്നുവെന്ന് ശാസ്ത്രം പറയുമ്പോള്‍ എന്റെയും നിങ്ങളുടെയുമൊക്കെ മസ്തിഷ്‌കത്തിന്റെ എത്ര ശതമാനം ഉപയോഗിക്കപ്പെട്ടിട്ടുണ്ടാകും എന്ന് ആലോചിച്ചു നോക്കൂ.
നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ 30% മാത്രമേ ഉപയോഗപ്പെടുത്താവൂ എന്ന് ഏതെങ്കിലും ഗ്രന്ഥത്തിലോ മറ്റോ ഉണ്ടോ? 50%, 60%, 70% അങ്ങനെ വല്ലതുമുണ്ടോ? ഗവണ്‍മെന്റ് നിയമമുണ്ടോ? ഇല്ലല്ലോ! എങ്കില്‍ എന്തിനു നമ്മള്‍ മടിച്ചു നില്‍ക്കണം? അറച്ചുനില്‍ക്കണം? ലാപ്‌ടോപ്പും കമ്പ്യൂട്ടറും റോബോട്ടും മറ്റു അത്ഭുത പ്രതിഭാസങ്ങളുമൊക്കെ കണ്ടുപിടിച്ച ഈ മസ്തിഷ്‌കത്തിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി നമുക്ക് ഉപയോഗിച്ചുകൂടേ?
തീര്‍ച്ചയായും ഒരു തടസ്സം അവിടെയുണ്ട്. ആ തടസ്സത്തെ നീക്കം ചെയ്യാതെ, നാം പോകുന്നിടത്തൊക്കെ കൊണ്ടുപോകുന്ന ഈ മസ്തിഷ്‌കത്തിന്റെ അപാരത തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും നമുക്ക് സാധ്യമല്ല.
എന്താണതിലെ തടസ്സം? ചെറുപ്പകാലത്ത് നമ്മിലേക്ക് അടിച്ചേല്‍പിക്കപ്പെട്ട നിരവധി കണ്ടീഷനുകള്‍. കണ്ടീഷനിംങ്ങിന് മലയാളത്തില്‍ എന്തു പറയും? അനുശീലനങ്ങള്‍ എന്നു പറയാം.
''നീയൊന്നും നന്നാവില്ല, അസത്ത്, ഒന്നിന്നും
കൊള്ളത്തവന്‍'' - രക്ഷിതാക്കളുടെ വക.
''ഗുരുത്വം കെട്ടവന്‍, ഗതിപിടിക്കാത്തവന്‍, നീയൊന്നും
നന്നാവാന്‍ പോകുന്നില്ല'' - മറ്റുചിലരുടെ വക.
ചെറുപ്പത്തില്‍ കിട്ടിയ ഇത്തരത്തിലുളള നിരവധി കണ്ടീഷനിങ്ങുകള്‍ നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ പൊന്തിവരുന്നില്ലേ? വരും. അത് വരാതിരിക്കില്ല. കാരണം അവയെക്കുറിച്ചുളള ചിന്തയാണ്, അവയെക്കുറിച്ചുളള ഓര്‍മകളാണ് മനസ്സിനകത്ത് എപ്പോഴും കളിക്കുന്നത്. അവ ഒളിഞ്ഞും തെളിഞ്ഞും നമ്മെ ആക്രമിച്ചുകൊണ്ടിരിക്കും. അതങ്ങനെയാണ്. അതിന്റെ ഘടനയും സ്വഭാവവും അങ്ങനെയാണ്.
ഓര്‍ക്കുക! സുഹൃത്തുക്കളെ; എല്ലാ പ്രതിഭകളും പ്രതിഭകളായിത്തീര്‍ന്നത് ഇത്തരത്തിലുളള മാനസിക കണ്ടീഷനിങ്ങുകളെ തല്ലിത്തകര്‍ത്തു കൊണ്ടാണ്. അവ തകര്‍ക്കപ്പെടാതെ നിങ്ങള്‍ക്ക് നിങ്ങളുടെ മസ്തിഷ്‌കത്തെ ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല.
അതിനാല്‍ എന്തൊക്കെ കണ്ടീഷനിങ്ങുകളാണ് നമ്മെ പരാജയത്തിലേക്കു നയിക്കുന്നത്, പിന്നോട്ട് പിടിച്ചുവലിക്കുന്നത് എന്ന് ആദ്യം നാം തിരിച്ചറിയേണ്ടതുണ്ട്. അപ്പോള്‍ നഷ്ടപ്പെട്ടുപോയ ഭാവനാ ശേഷിയെ നമുക്ക് തിരിച്ചുപിടിക്കാന്‍ സാധിക്കും. അപ്പോള്‍ ലാപ്‌ടോപ് കണ്ടുപിടിച്ച 'നെക്ക് ടോപി'നെ (കഴുത്തിന് മുകളിലുളള മസ്തിഷ്‌കം) നമുക്ക് ശക്തമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. നൂറ് ബില്യണിലധികം ന്യൂറോണുകളുളള ഈ നെക്ക് ടോപ്പിന്റെ ശക്തി അപാരം തന്നെയാണ്. നിങ്ങളുടെ ഭാവനാശേഷിയുടെ സീമയ്ക്കും അപ്പുറമാണതിന്റെ കഴിവുകള്‍.
ആ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ നേടാന്‍ നിങ്ങള്‍ക്കു സാധിക്കും!
അകത്ത് ഉറങ്ങിക്കിടക്കുന്ന ഈ അത്യത്ഭുതകരമായ ശക്തിയെ പുറത്ത് കൊണ്ടുവരുന്ന തെറാപ്പികളും ടെക്‌നിക്കുകളും ആധുനിക മന:ശാസ്ത്രം പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് NLP അഥവാ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംങ് എന്ന മന:ശാസ്ത്ര ശാഖ. സക്‌സസ്‌വാലി നടത്തുന്ന NLP യുടെ വിവിധ കോഴ്‌സുകളില്‍ ഇത്തരം തെറാപ്പികളും ടെക്‌നിക്കുകളും ഞാന്‍ പ്രയോഗിക്കുമ്പോള്‍ ഇരുന്ന ഇരിപ്പില്‍ തന്നെ ആളുകളില്‍ അതിശയകരമായ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. Creative visualisation, imagination എന്നിവ ഉപയോഗിക്കുന്നതിനാലാണ് NLP യില്‍ അതിശയകരമായ ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇവ തെറാപ്പികള്‍ ആയതിനാല്‍ ഇവിടെ ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.
ഇനി നിങ്ങള്‍ നെഞ്ചത്ത് കൈവെച്ച്‌കൊണ്ട് പ്രതിജ്ഞയെടുക്കുക. ഹൃദയം എവിടെയാണോവരുന്നത് അവിടെ നിങ്ങള്‍ കൈവെക്കുക.
വെച്ചോ?
ശരിക്കും കൈവെക്കുക.
എങ്കില്‍ പറയുക. ഉറക്കെ പറയാനുള്ള സാഹചര്യമാണെങ്കില്‍ ഉറക്കെത്തന്നെ പറയുക:
പ്രതിജ്ഞ:
“ഞാന്‍ ഭാവനാ ശേഷി ഉള്ളയാളാണ്. വിജയത്തിന്റെ അടിസ്ഥാന ഘടകമായ ഭാവനാശേഷി (imagination power) എനിക്കകത്ത് ധാരാളമായി ഉണ്ട്. എന്റെ വിജയത്തിനായി ധാരാളമായി ഞാനത് ഉപയോഗിക്കും.”
ഒന്നോ രണ്ടോ മൂന്നോ തവണ ഉച്ചത്തില്‍ പറയുക. ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ആത്യന്തികമായി എനര്‍ജിയാണ്, അഥവാ ഊര്‍ജ്ജമാണ്. ശബ്ദങ്ങളും ഊര്‍ജ്ജമാണ്. നിങ്ങള്‍ ഇപ്പോള്‍ ചെയ്ത പ്രതിജ്ഞ, ആ പ്രതിജ്ഞയുടെ ശബ്ദം എല്ലാം ഊര്‍ജ്ജമാണ്.
ക്വാണ്ടം ഫിസിക്‌സിന്റെ ശാസ്ത്രകാരന്മാര്‍ കണ്ടുപിടിച്ച യാഥാര്‍ഥ്യമാണിത്; everything is energy, energy is everything. എല്ലാം ഊര്‍ജ്ജമാണ്, ഊര്‍ജ്ജമാണ് എല്ലാം. എന്റെ ട്രെയ്‌നിങ്ങ് ക്ലാസില്‍ ഞാനത് മുന്നിലിരിക്കുന്നവരില്‍ അനുഭവിപ്പിച്ചുകൊണ്ടാണ് തെളിയിക്കാറ്. നമ്മുടെ എല്ലാ പെരുമാറ്റങ്ങളും ശീലങ്ങളും ഇമോഷനാണ് അഥവാ വികാരങ്ങളാണ്. പെരുമാറ്റങ്ങളും ശീലങ്ങളുമെല്ലാം വികാരത്തില്‍നിന്നുമാണ് ഉണ്ടാകുന്നത്. വികാരങ്ങളാകട്ടെ എനര്‍ജിയുമാണ്. ഈ എനര്‍ജി ക്ലാസില്‍ നിങ്ങള്‍ അനുഭവിക്കുന്നതോടെ നിങ്ങള്‍ക്കത് ബോധ്യപ്പെടുന്നു. എന്നാല്‍ ഇവിടെ എനിക്ക് നിങ്ങളെ അനുഭവിപ്പിക്കുവാന്‍ മാര്‍ഗമില്ല. നിങ്ങള്‍ മനസ്സിലാക്കുക ക്വാണ്ടം ഫിസിക്‌സ് ഇത് ഇതിനകം തെളിയിച്ചുകഴിഞ്ഞതാണ്.
ഊര്‍ജ്ജം തരംഗങ്ങളായിട്ടാണ് സഞ്ചരിക്കുന്നത്. ക്വാണ്ടം ഫിസ്‌ക്‌സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവ ഫ്രീക്വന്‍സി (ആവൃത്തി) ആയിട്ടും വൈബ്രേഷന്‍ (കമ്പനം) ആയിട്ടുമാണ് സഞ്ചരിക്കുന്നത്. നിങ്ങള്‍ ഉച്ചരിക്കുന്ന ഓരോ വാക്കുകളും വൈബ്രേഷനായിട്ട് അന്തരീക്ഷത്തില്‍ കിടക്കുന്നുണ്ട്. ഈ എനര്‍ജിയെ നശിപ്പിക്കുക സാധ്യമല്ല. ഫിസിക്‌സിന്റെ ബാലപാഠം തന്നെ energy is neither created nor destructed എന്നാണ് എന്നത് നമ്മള്‍ സ്‌കൂളില്‍ പഠിച്ചതാണ്. അതായത് ഊര്‍ജ്ജത്തെ നമുക്ക് സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കുകയില്ല എന്ന്.
നിങ്ങള്‍ ഉച്ചരിച്ച ആ പ്രതിജ്ഞയുടെ ശബ്ദത്തിന്റെ ഊര്‍ജ്ജം അന്തരീക്ഷത്തിലേക്ക് വൈബ്രേറ്റ് ചെയ്യുന്നത്‌പോലെ തന്നെ നിങ്ങളുടെ ഓരോ കോശത്തിനകത്തും പ്രതിഫലനങ്ങള്‍ ഉണ്ടാകുന്നുണ്ട്, രേഖപ്പെട്ടുകിടക്കുന്നുണ്ട്. ഒപ്പം നിങ്ങളുടെ ഊര്‍ജ്ജത്തിന്റെ മഹാകലവറയായ ഉപബോധമനസ്സിലും അത് രേഖപ്പെട്ടുകിടക്കുന്നു. താമസിയാതെ അവ പ്രവര്‍ത്തിച്ചുതുടങ്ങും.
ഒരു ഇന്റന്‍ഷന്‍ അഥവാ ലക്ഷ്യമായിട്ട് ശരീരകോശങ്ങളിലും ഉപബോധമനസ്സിലും ഈ പ്രതിജ്ഞയുടെ ശബ്ദ എനര്‍ജി രേഖപ്പെടുത്തപ്പെടുന്നതിനാല്‍ അവയുടെ റിസല്‍ട്ട് വളരെയധികം ശക്തമായിരിക്കും.
ഓരോ അധ്യായത്തിലും ഇത്തരത്തിലുള്ള അതിശക്തമായ പ്രതിജ്ഞകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
ഓരോ കണ്ടീഷനിങ്ങുകളും പരിമിതികളും ശാസ്ത്രീയമായി പഠിക്കുന്നതിനുമുമ്പ് പ്രതിയഭയ്ക്കു വേണ്ടുന്ന ഏഴുകാര്യങ്ങളിലെ ബാക്കി ആറുകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം; വരും അധ്യായങ്ങളിലൂടെ.