Chapter
Chapter - 1
ചെളിയില്‍ വീണ കുട്ടി
നിങ്ങള്‍ ഒരു കല്യാണത്തിനു പോവുകയാണ് എന്നു സങ്കല്‍പിക്കുക. വളരെ വേണ്ടപ്പെട്ട കല്യാണം. കുളിച്ചു വൃത്തിയായി, പുതുവസ്ത്രം ധരിച്ച് നിങ്ങള്‍ നിങ്ങളുടെ അഞ്ചോ ആറോ വയസ്സുള്ള കുട്ടിയുമായാണ് കല്യാണത്തിനു പോകുന്നത്.
കുട്ടിയുടെ കയ്യുംപിടിച്ച് നിങ്ങള്‍ റോഡിലൂടെ നടന്നു പോവുകയാണ്. സമയം വൈകിയതിനാല്‍ അല്‍പം ധൃതിയിലാണ് നിങ്ങളുടെ നടത്തം. ഇനിയും താമസിച്ചാല്‍ കല്യാണത്തിന്റെ പ്രധാന കര്‍മങ്ങള്‍ക്ക് സാക്ഷിയാകാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അല്‍പം കൂടി നടക്കാനുമുണ്ട്.
റോഡിലൂടെ നടന്നുകൊണ്ടിരിക്കെ നിങ്ങളുടെ കുട്ടി പെട്ടെന്ന് ചെളിയില്‍ വീണു! നിങ്ങള്‍ എന്തു ചെയ്യും? സമയമാണെങ്കില്‍ വൈകിയിരിക്കുന്നു. വളരെ വേണ്ടപ്പെട്ടതും ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായ കല്യാണവുമാണ്. കുട്ടിയാകട്ടെ ചെളിയില്‍ വീണു കിടക്കുന്നു.
എന്തു ചെയ്യും?
ചെറിയകുട്ടിയായതിനാല്‍ അവനെ അവിടെ വിട്ട് കല്യാണത്തിനു പോകാന്‍ നിങ്ങള്‍ക്കു നിര്‍വാഹമില്ല. തിരിച്ചു വീട്ടിലേക്കു പോയി കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റിച്ച് വീണ്ടും പുറപ്പെട്ടാല്‍ കല്യാണം നഷ്ടപ്പെടുകയും ചെയ്യും.
ഇത്തരമൊരവസരത്തില്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന് നിങ്ങളൊന്ന് മനസ്സില്‍ കാണുക. നിങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ളതിനെ കുറിച്ചൊക്കെ ആലോചിക്കുക.
പലരും പല രീതിയിലായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ പെരുമാറുക. ചിലര്‍ കുട്ടിയെ പിടിച്ച് ആദ്യം രണ്ടുപൊട്ടിക്കും. അതായത് നാം നമ്മുടെ കടുത്ത അമര്‍ഷം കുട്ടിയില്‍ അടിയായി ചൊരിയും.
''നാശം... നിന്നെ കൂട്ടേണ്ടായിരുന്നു. നിന്നെ കൂട്ടിയതാണ് നാശമായത്. അല്ലെങ്കില്‍ തന്നെ നീ നാശം പിടിച്ചവനാണ്, അസത്ത്''- അടിക്കാത്ത ചിലര്‍, അടിക്കാന്‍ ഓങ്ങിക്കൊണ്ട് ഇങ്ങനെ പ്രതികരിക്കുന്നു.
''എണീച്ചാട്ടെ നീ.. അസത്തെ, എവിടെ നോക്കിയിട്ടാ നടക്കുന്നത്....''- തുടര്‍ന്ന് പലതും ആരോടെന്നില്ലാതെ പിറുപിറുക്കുന്നു.
ഇങ്ങനെ പല രീതിയിലുമായിരിക്കും പലരുടെയും പ്രതികരണങ്ങള്‍. ഏതായിരുന്നാലും ഒരു കാര്യം ഉറപ്പാണ്. എല്ലാ പ്രതികരണങ്ങളും നിഷേധാത്മകങ്ങള്‍ -നെഗറ്റീവ്- ആയിരിക്കും ഭൂരിപക്ഷം കേസിലും അങ്ങനെയാണ് സംഭവിക്കാറ് എന്നതില്‍ സംശയമില്ല.
ഇനി നിങ്ങള്‍ മനസ്സിനെ അല്‍പം റിലാക്‌സ് മൂഡിലേക്കു കൊണ്ടുവരിക. മറ്റൊരുകാര്യം ആലോചിക്കുവാന്‍ മനസ്സിനെ പാകപ്പെടുത്തുക. അതായത്, നിങ്ങള്‍ ആ കല്യാണത്തിനു പോകുന്നത് നിങ്ങളുടെ കുട്ടിയുമൊത്തല്ല, മറിച്ച് നിങ്ങളുടെ കൂടെ സ്‌കൂളിലോ കോളജിലോ ഒന്നിച്ചു പഠിച്ച, വളരെയടുത്ത, ആത്മബന്ധമുള്ള കൂട്ടുകാരനും/കൂട്ടുകാരിയുമായിട്ടാണ്. (സ്ത്രീകള്‍ കൂട്ടുകാരിയെ സങ്കല്‍പിക്കുക). എങ്കില്‍....ആ കൂടെയുള്ളയാള്‍, നടന്നുകൊണ്ടിരിക്കെ ചെളിയില്‍ വീണാല്‍ നിങ്ങള്‍ എന്തു ചെയ്യും?
ശരിക്കും ആലോചിക്കുക.
നിങ്ങളുടെ കുട്ടിയെ നിങ്ങള്‍ അടിച്ചതുപോലെ ആ സുഹൃത്തിനെ നിങ്ങള്‍ അടിക്കുമോ?
നിങ്ങളുടെ കുട്ടിയെ നിങ്ങള്‍ വഴക്കുപറഞ്ഞതു പോലെ അവനെ/അവളെ നിങ്ങള്‍ വഴക്കുപറയുമോ?
ഇല്ല എന്ന് ഉറപ്പാണ്.
''അയ്യോ എന്തു പറ്റി! വേദനയായോ.. ഹോസ്പിറ്റലിലോ മറ്റോ പോകണമോ? കല്യാണമൊക്കെ ഇനി പോട്ടെ. അതു പ്രശ്‌നമാക്കേണ്ട. നീ പറയ്, എന്താ ചെയ്യേണ്ടത്?''
ഇങ്ങനെ നിങ്ങള്‍ അയാളുടെ ദുഃഖത്തിലും വ്യസനത്തിലും പങ്കു ചേര്‍ന്നുകൊണ്ട് അയാളെ ആശ്വസിപ്പിക്കും.
അപ്പോള്‍ നിങ്ങളും അയാളും തമ്മിലുള്ള ആത്മബന്ധത്തിന്റെആഴം പതിന്മടങ്ങ് വര്‍ധിക്കും. A friend in need is indeed a friend 'ആവശ്യമുള്ളപ്പോള്‍ സഹായത്തി
ന് എത്തുന്നവനാണ് യഥാര്‍ഥ സുഹൃത്ത്' എന്ന് കേട്ടിട്ടില്ലേ?
തീര്‍ച്ചയായും നിങ്ങള്‍ അത്തരം ഒരു ഘട്ടത്തില്‍ ഗുണാത്മകമായ രീതിയില്‍ -പോസിറ്റീവ് രീതി -അയാളോട് പെരുമാറുമ്പോള്‍ അയാള്‍ക്ക് നിങ്ങളോടുള്ള സ്‌നേഹവും ബന്ധവും അങ്ങേയറ്റം വര്‍ധിക്കുന്നു. മറക്കാന്‍ പറ്റാത്ത ഒരു ഓര്‍മയായി അയാളുടെ ജീവിതത്തില്‍ അത് തങ്ങിനില്‍ക്കും. നിങ്ങളുടെ നാട്ടിലേക്ക് കല്യാണത്തിന് വന്ന അയാള്‍ നിങ്ങളുടെ നാടും പരിസരവും മാത്രമല്ലനിങ്ങളെയും എപ്പോഴും ഓര്‍ക്കും.
നിങ്ങളുടെ കുട്ടിയുടെ അവസ്ഥ-അവനോട് പെരുമാറിയത്, അല്ലെങ്കില്‍ പെരുമാറാന്‍ സാധ്യതയുള്ളത് നിങ്ങളുടെ അകത്ത് തികട്ടിവരുന്നുണ്ട് അല്ലേ? അതെ! നിങ്ങളുടെ കുട്ടി അബദ്ധത്തിലാണ് ചെളിയില്‍ വീണത്. നിങ്ങളുടെ സുഹൃത്തും അബദ്ധത്തില്‍ വീണതാണ്. പിന്നെയെന്തിനായിരുന്നു കുട്ടിയെ മാത്രം ക്രൂശിച്ചത്?
ഇങ്ങനെ ഒരു കല്യാണവും ചെളിയില്‍ വീഴലും നിങ്ങള്‍ക്കോ നിങ്ങളുടെ കുട്ടികള്‍ക്കോ സംഭവിക്കണമെന്നില്ല. പക്ഷേ, ഇത്തരത്തിലുള്ള അനവധി അബദ്ധങ്ങള്‍ അവര്‍ക്ക് അവരുടെ ജീവിതത്തില്‍ സംഭവിക്കുമെന്നതില്‍ സംശയമില്ല; സംഭവിച്ചിട്ടുമുണ്ടാകും. അപ്പോഴൊക്കെ നിങ്ങള്‍ അവരോട് എങ്ങനെയാണ് പെരുമാറിയിരുന്നത്?
ഓര്‍മ വരുന്ന പല സംഭവങ്ങളെയും മനസ്സിലേക്ക് കൊണ്ടുവരിക. അത്തരം സന്ദര്‍ഭങ്ങളെ ഗുണാത്മകവും (പോസിറ്റീവ്) ക്രിയാത്മകവുമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു സാധിച്ചുവോ? നിങ്ങളും നിങ്ങളുടെ കുട്ടിയും തമ്മിലുള്ള ബന്ധം ഒന്നുകൂടി ആഴത്തിലായിത്തീരുവാന്‍ അത് ഉപകരിച്ചുവോ? ആ സംഭവത്തിലൂടെ അല്ലെങ്കില്‍ അത്തരം സംഭവങ്ങളിലൂടെ നിങ്ങളും നിങ്ങളുടെ കുട്ടിയും തമ്മില്‍ മാനസികമായി കൂടുതല്‍ അടുക്കുകയായിരുന്നോ, അതല്ല അകലുകയായിരുന്നുവോ?
അകലുകയായിരുന്നു എന്നാണ് ഉത്തരമെങ്കില്‍, അതാണോ ശരിക്കും അത്തരം സംഭവങ്ങളുടെ പരിണിതഫലമായി ലഭിക്കേണ്ടിയിരുന്നത്? അതോ പോസിറ്റീവ് ഫലേമാ?
നെഗറ്റീവ് ഫലത്തിന്റെ ഉത്തരവാദി ആരാണ്? അബദ്ധത്തില്‍ ചെളിയില്‍ വീണ കുട്ടിയോ, അതല്ല വൈകാരികതയെ അടക്കി നിര്‍ത്താന്‍ - അല്ലെങ്കില്‍ അതിനെ പോസിറ്റീവായി ഉപയോഗിക്കാന്‍ സാധിക്കാതെപോയ നിങ്ങളോ?
ജീവിതത്തിലെ ഇതിനു സമാനമായ ഓരോ സംഗതികളെ കുറിച്ചും ആലോചിക്കുക.
അബദ്ധത്തില്‍ സംഭവിച്ച വീഴ്ചയുടെ പേരില്‍ നിങ്ങളുടെ കുട്ടിയെ അടിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത്? അവരെ ശകാരിക്കാനും ചീത്തപറയാനും നിങ്ങള്‍ക്ക് അനുമതി നല്‍കിയത് ആരാണ്?
സൃഷ്ടികര്‍ത്താവും ആ കുട്ടിയെ നിങ്ങള്‍ക്ക് നല്‍കിയവനുമായ ദൈവം അതിന് അധികാരമോ അനുമതിയോ നല്‍കിയിട്ടില്ല. യാതൊരു സംശയവും വേണ്ട, നല്‍കിയിട്ടില്ല. ഇപ്പോള്‍ ഞാന്‍ ഒരു മുന്‍കാല ചിന്തകന്‍ പറഞ്ഞ ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ: ''ആദ്യത്തെ ഏഴു വയസ്സില്‍ കുട്ടികളുമായി കളിക്കുക. രണ്ടാമത്തെ ഏഴില്‍ (7 മുതല്‍ 14 വയസ്സുവരെ) കുട്ടികള്‍ക്ക് മര്യാദ പഠിപ്പിക്കുക.'' മൂന്നാമത്തെ ഏഴില്‍ (14 മുതല്‍ 21 വരെ) കൂട്ടുകാരെപ്പോലെ അവരുടെ കൂടെ സഹവസിക്കുക. പിന്നെ അവരെ അവരുടെ പാട്ടിനു വിടുക.''
ആദ്യത്തെ ഏഴു വയസ്സില്‍ കുട്ടികളുമായി കളിക്കണമെന്ന്!
എന്നാല്‍ രക്ഷിതാക്കളായ നിങ്ങളോട് ഞാന്‍ ചോദിക്കട്ടെ, നിങ്ങളുടെ കുട്ടികള്‍ക്ക് നിങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ അടികിട്ടുന്ന പ്രായമേതാണ്? കാലഘട്ടമേതാണ്? സംശയമില്ല, ആദ്യത്തെ ഏഴുവയസ്സു തന്നെ.
കുട്ടിയുടെ സ്രഷ്ടാവായ ദൈവം നിങ്ങള്‍ക്ക് അവരെ അടിക്കാനുള്ള അവകാശമോ അനുമതിയോ തന്നിട്ടില്ലയെങ്കില്‍ അറിയാതെ സംഭവിക്കുന്ന അബദ്ധങ്ങളുടെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ കുട്ടികളിലേല്‍പിക്കുന്ന പ്രഹരങ്ങള്‍ ഏതു കണക്കിലാണ് വരവുവെക്കേണ്ടത്?
ഞാനിത് വെറുതെ നിങ്ങളെ കുറ്റപ്പെടുത്താന്‍ പറയുന്നതല്ല. ഇതിന്റെ പരിണിതഫലങ്ങളെക്കുറിച്ച് കൃത്യമായ ബോധം ഉണ്ടാക്കിയെടുത്താല്‍ മാത്രമെ നിങ്ങള്‍ക്ക് മിടുക്കരായ മക്കളെ ലഭിക്കുകയുള്ളൂ.
സന്തോഷം നല്‍കുന്ന മക്കെളയാണ് ഏവരും ആഗ്രഹിക്കുന്നത്. പക്ഷേ, നമുക്കു കിട്ടുന്ന റിസള്‍ട്ട് പലപ്പോഴും പരാജയമാണ്. എവിടെയോ നമുക്ക് അബദ്ധം പിണഞ്ഞിരിക്കുന്നു. ആ അബദ്ധങ്ങളെ നാം തിരിച്ചറിയുകതന്നെ വേണം.
മറ്റൊരു ഉദാഹരണവും കൂടി ഞാന്‍ നിങ്ങളുടെ മുമ്പില്‍
വെക്കട്ടെ.