“I hate you very much. നിന്നെ സ്നേഹിക്കാന്‍ ഈ ലോകത്ത് ആരുമില്ലെന്നറിഞ്ഞിട്ടും നീയെന്തിനിങ്ങനെ സ്നേഹത്തിനു വേണ്ടി ദാഹിക്കുന്നു? നീ ഈ ഭൂമിയില്‍ പിറന്നു വീണത് എല്ലാവര്ക്കും ഒരു ശാപമായിട്ടാണ്. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ജീവിത യാത്രയില്‍ കണ്ടുമുട്ടുന്ന എല്ലാവര്ക്കും നീ ഒരു വിഷസര്‍പ്പമാണ്.”
2008 മെയ് ഒന്‍പതിന്, ഇരുപത്തിഎട്ടാമത്തെ വയസ്സില്‍ ആത്മഹത്യ ചെയ്ത ഷൈന എന്ന പെണ്‍കുട്ടിയുടെ ഡയറിയില്‍ നിന്നുളള വാക്കുകളാണിത്. 2009 മാര്‍ച്ച് പതിനഞ്ചിന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ഈ സംഭവം ഞാനെന്തിന് ഇവിടെ കുറിച്ചുവെന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത്.
കഴിഞ്ഞ ആറു അധ്യായങ്ങളിലും നിങ്ങളുടെ ബൗദ്ധികതലത്തെ മാത്രമാണ് ഞാന്‍ സ്പര്‍ശിച്ചത്. എന്നാല്‍ ഈ അധ്യായം മുതല്‍ അങ്ങോട്ട് നിങ്ങളുടെ വൈകാരികതലത്തെയാണ് എനിക്ക് സ്പര്ശിക്കാനുളളത്. കാരണം, നമ്മുടെ എല്ലാ നെഗറ്റീവ് അനുഭൂതികളും അടിഞ്ഞുകൂടിയിരിക്കുന്നത്, അല്ലെങ്കില്‍ അവയുടെ വേരുകള്‍ കിടക്കുന്നത് നമ്മുടെ വൈകാരികതലത്തിലാണ്.
ടി.എ. പറയുന്ന ഒന്നാമത്തെ ‘വിലക്കി’ന്റെ പേര് “അരുത്, ജീവിക്കരുത്,” (Don’t Exist) എന്നാണ്. അല്പം വിശദീകരിച്ചു പറഞ്ഞാലേ കാര്യങ്ങള്‍ നിങ്ങള്‍ക്കു വ്യക്തമാവുകയുളളൂ. കാരണം, ഒരു കാര്യത്തെ ബുദ്ധിയുടെ തലത്തില്‍ മനസ്സിലാക്കാന്‍ എളുപ്പമാണ്. അത് അംഗീകരിക്കാനും എളുപ്പമാണ്. ഇംഗ്ലീഷില്‍ അതിനെ ഇങ്ങനെ പറയും: കിലേഹഹലരൗേമഹ മരരലുമേിരല Intellectual acceptance of a thing is easy; but emotional acceptance is very difficult.
എന്നാല്‍ അതേ കാര്യത്തെ വൈകാരികതലത്തില്‍ അറിയാനും അംഗീകരിക്കാനും അല്പം ബുദ്ധിമുട്ടാണ്. പക്ഷേ, ഒരു നാള് നിങ്ങള്‍ അവയെ, അഥവാ വൈകാരികതലത്തിലെ പ്രശ്നങ്ങളെ അറിഞ്ഞുകഴിഞ്ഞാല്‍-അറിഞ്ഞുകഴിഞ്ഞാല്‍ മാത്രമെ- ശാന്തവും സമാധാനവുമായ ഒരു ജീവിതം സംജാതമാവുകയുളളൂ.
ആ വൈകാരിക തലം ശാന്തമായാല്‍ മാത്രമെ നിങ്ങളുടെ ബൗദ്ധികതലം (intellectual area) വളര്‍ന്നു വികസിക്കുകയുളളൂ. അതിനാല്‍ നിങ്ങളുടെ ശ്രദ്ധയെ മൂര്‍ച്ചകൂട്ടി ഓരോവരികളും സസൂക്ഷ്മം വായിക്കുക. വായിച്ചു തള്ളാതെ പറയുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുക. ഉള്കൊളളുക.
1994 ന് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ പൂന്തോട്ടത്തില്‍ മലര്‍ന്നുകിടന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്ന സന്ദേശങ്ങള്‍ ഇപ്പോഴും ഞാന്‍ ഓര്‍ക്കുകയാണ്. ആ ഡയലോഗുകള്‍ ആ കാലഘട്ടത്തില്‍ എഴുതിയ ഡയറിക്കുറിപ്പില്‍ ഇപ്പോഴും ഉണ്ട്.
“എന്തിനായിരുന്നു ഈ ലോകത്തേക്ക് നീ വന്നത്?”
“നീ ജനിക്കാന്‍ പാടില്ലായിരുന്നു. ഈ ടെന്‍ഷനും പ്രയാസങ്ങളും ദുരിതങ്ങളും പിടിച്ച ലോകത്തേക്ക് എന്തിനായിരുന്നു... ആര്‍ക്കും ആവശ്യമില്ലാത്ത, ആര്‍ക്കും വേണ്ടാത്ത ഈ ജീവിതം...?”
വൈകാരിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ ഇങ്ങനെ പറയാറുണ്ടോ?
“എന്തൊരുകഷ്ടമാണിത്, ഇതിനെക്കാള്‍ നല്ലത് ജീവി
ക്കാതിരിക്കുന്നതാണ്.”
“ഇവരുടെ ഇടയില്‍ ജീവിക്കാന്‍ കഴിയില്ല.”
“ഇതിനെക്കാള്‍ ഭേദം മരിക്കലാണ്.”
“എന്തിനാണിങ്ങനെ കഷ്ടപ്പാടും പേറി ഞാന്‍ ജീവി
ക്കുന്നത്. മതി ജീവിതം.”
ഇത്തരത്തിലുളള ചിന്തകള്‍ വ്യത്യസ്ത സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്ന സമയത്ത് നിങ്ങളെ അലട്ടാറുണ്ടോ? എങ്കില്‍ നിങ്ങള്‍ “അരുത്, ജീവിക്കരുത് ” എന്ന വിലക്ക് കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്..
മനഃശാസ്ത്ര ഗവേഷണം പറയുന്നത് മിക്കവാറും ആള്ക്കാര് പലപ്പോഴായി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയോ, മതി ജീവിച്ചതെന്ന് പറഞ്ഞുകൊണ്ടിരിക്കുകയോ ചെയ്യുന്നുവെന്നാണ്.
പ്രിയ സുഹൃത്തുക്കളേ, നമ്മുടെ വളര്‍ച്ചയുടെ മുന്നോട്ടുളള ഗതിയെ വളരെയധികം സ്വാധീനിക്കുന്ന ഒരു വൈകാരിക പ്രശ്നമാണ് ഈ ഒന്നാമത്തെ വിലക്ക്. ഇത് എങ്ങനെ സംഭവിക്കുന്നുവെന്നു നോക്കാം.
ചെറിയ പ്രായത്തിലാണ് നമ്മില്‍ ഈ വിലക്ക് ഉടലെടുക്കുന്നത്. നേരത്തെ ഞാന്‍ പറഞ്ഞ ഷൈനയുടെ ഉദാഹരണത്തില്‍ അവള് അനുഭവിച്ചത് വളരെ കടുത്ത മാനസികാവസ്ഥയായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വരികളിലൂടെ നമുക്കത് വായിച്ചു നോക്കാം:
“നന്മകളും പ്രകാശവും നിറഞ്ഞ ബാല്യകൗമാരങ്ങളായിരുന്നില്ല ഷൈനയുടേത്. അവരുടേതായ കാരണങ്ങളാല്‍ വിവാഹ ബന്ധം വേര്പെടുത്തിയവരായിരുന്നു അവളുടെ അച്ഛനുമമ്മയും. സഹോദരന്റെ സംരക്ഷണത്തിലായിരുന്നു പിന്നീടുളള ജീവിതം. താമസിക്കാനൊരു വീടും അവിടെ അമ്മയുടെ സാമിപ്യവും അവളെന്നും ആഗ്രഹിച്ചിരുന്നു. ആരെയും കാണിക്കാതെ ആരെയും അറിയിക്കാതെ സൂക്ഷിച്ച കവിതകളും ഡയറികളും ഒരമ്മയ്ക്കു വേണ്ടി കൊതിക്കുന്ന മകളെ വെളിപ്പെടുത്തുമെങ്കിലും കവിതയ്ക്കു പുറത്തെ ജീവിതത്തിലെ അമ്മയെ ഷൈന ഒരിക്കലും അംഗീകരിച്ചിരുന്നില്ല.
ഒരു മകള്‍ക്ക് അമ്മയില്ലാതാവുന്നത്, ഒരു മകന് അമ്മയില്ലാതാവുന്നതുപോലെയല്ല. മകളുടെ മനസ്സു മാത്രമല്ല ശരീരവും നിരന്തരം അമ്മയെ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. രക്തധമനികളും ഗര്‍ഭപാത്രവും തലമുടിയും മാറിടവുമെല്ലാം അമ്മയുടെ സുരക്ഷയ്ക്കു വേണ്ടി കലഹിച്ചുകൊണ്ടിരിക്കും. തലയിലെണ്ണ തേക്കുമ്പോഴും പുതിയ ഉടുപ്പിടുമ്പോഴും പൊട്ടുതൊടുമ്പോള്‍ പോലും അമ്മയതു കാണണമെന്ന് മകളാഗ്രഹിക്കും. ഒരു മകള്‍ക്കു മാത്രം പറയാവുന്ന, പറഞ്ഞാല്‍ മനസ്സിലാവുന്ന ജീവിതമുണ്ട്. ആ വിനിമയം ഒരു കരുത്താണ്, സുരക്ഷയാണ്. ഗര്ഭപാത്രത്തിലോളംപോന്ന സുരക്ഷ. അമ്മയും മകളും ഒരു തുടര്‍ച്ചയാണ്. പൊട്ടിപ്പോയ ഈ തുടര്‍ച്ചയില്‍ പക്ഷേ, ഷൈന അനാഥയാണെന്ന് സ്വയമറിഞ്ഞു.
“അമ്മയെന്നാല്‍ നുണക്കഥയാണെനി-
ക്കയമ്മയെന്നാല് കരിം പുകമാത്രമാ-
ണെന്തിനെന്തിനെന് കുഞ്ഞിളം ബാല്യത്തെ
അന്ധകാരത്തിലെറിഞ്ഞു നീ കാലമേ?
എത്ര കട്ടികള്‍ മേല്ക്കുമേല് വെക്കിലും
അമ്മയെന്ന തുലാസിന്റെ മോഹമാം
തട്ടുമാത്രം കനം തൂങ്ങി നില്ക്കയാണില്ല -
പോംവഴി യെന്നറിയുമ്പോഴും”
അമ്മയെന്ന സ്വപ്നം, അമ്മയില്ലായ്മ കൊടും ചൂടാണെന്ന് പ്രസവനാളുകളില്‍ അവള് പൊളളിയറിഞ്ഞു. പേടിയെയും വേദനയെയും അനാഥത്വത്തെയും കുഴിച്ചുമൂടാന്‍ അമ്മയെന്ന നിലാവിന്റെ കണം മാത്രം തരാത്തതെന്താണെന്ന് പേറ്റുനോവിന്റെ കാലത്ത് കാലത്തിനോട് അവള് ചോദിക്കുന്നുണ്ട്. പക്ഷേ, കവിതയ്ക്കു പുറത്ത് അമ്മയോട് വെറുപ്പായിരുന്നു അവള്‍ക്ക്. അമ്മയെന്ന യാഥാര്‍ഥ്യത്തെ വെറുപ്പോടെ കണ്ടിരുന്നപ്പോഴും അമ്മ ഒരു മോഹമായി അവളില്‍ നിറഞ്ഞിരുന്നു. ഇത്തരം വൈരുധ്യങ്ങളുടെ തടവറയിലായിരുന്നു ഷൈനയുടെ മുഴുവന്‍ ജീവിതവും. ജീവിതത്തോട് ഒരു വശത്ത് അടങ്ങാത്ത ആഭിമുഖ്യം പുലര്‍ത്തുമ്പോഴും സ്നേഹിക്കുമ്പോഴും കുടുബത്തിനകത്തെ താങ്ങാനാവാത്ത ദുരനുഭവങ്ങള്‍ അവളെ തളര്‍ത്തി. തകരുന്ന കുടുംബ ബന്ധങ്ങള്‍ അനാഥമാക്കുന്ന കുട്ടികള്‍ ജീവിതത്തെ ഭയത്തോടെ നോക്കി കാണുന്നതിന്റെ ഉദാഹരണമാണ് ഷൈന.”
ഷൈനക്ക് പറ്റിയത് എന്തായിരുന്നുവെന്ന് ഞാനിനി വിശദീകരിക്കേണ്ടതില്ലല്ലോ?
വീണ്ടും മാതൃഭൂമിയുടെ വരികള്‍ തന്നെ കാണുക:
''പ്രിയപ്പെട്ടവരുടെ ജീവിതത്തിലെല്ലാം താന്‍ സ്വയം ഒരു ദുഃശ്ശകുനമോ അധികപ്പറ്റോ ആണെന്നും ആയിരിക്കുമെന്നും ഉളള വ്യര്‍ഥമായ തോന്നല്‍ എല്ലാ ബന്ധങ്ങളിലും ഷൈനയ്ക്കുണ്ടായിരുന്നു. എം. എയ്ക്കു പഠിക്കുമ്പോള്‍ റൂം മേറ്റായിരുന്ന, കവി കൂടിയായിരുന്ന അഞ്ജന, ഷൈനയുടെ അപകര്‍ഷമായ മനോവ്യാപാരങ്ങളെക്കുറിച്ചു പറയും. പരസ്പരം എല്ലാം തുറന്നു സംസാരിക്കുമായിരുന്നു അവര്‍. ഫാന്റസിയുടെ, ഭാവനാത്മകതയുടെ ലോകത്തായിരുന്നു ഷൈനയുടെ സഞ്ചാരം. അത്തരം കഥകള്‍, അനുഭവങ്ങള്‍- സാഹിത്യലോകത്തും ഷൈന തിരഞ്ഞത് അത്തരം രചനകളാണ്. പ്രായോഗിക ജീവിതത്തെയല്ല, അതിനുമപ്പുറത്തെ ജീവിതത്തിന്റെ ആഖ്യാനങ്ങള്‍. തനിക്കു ചുറ്റുമാണ് ഷൈന ലോകത്തെ കണ്ടത്. ആരും വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന തോന്നല്‍. അതിനെല്ലാം കാരണം തന്റെ അനാഥത്വവും ഭാഗ്യക്കേടുമാണെന്ന സങ്കല്പം. തീരെച്ചെറിയ കാരണങ്ങള്‍ക്കു പോലും കടുത്ത ആത്മസംഘര്ഷങ്ങളിലേക്ക് വീണുപോകുന്ന അവസ്ഥ.”
“ആത്മഹത്യ, അതൊരു ആര്‍ത്തിയായി എന്നെ പിടിച്ചുലയ്ക്കുകയാണ്. ഇടപ്പള്ളിയും രാജലക്ഷ്മിയും രാജേഷും ഏറ്റവുമൊടുവില്‍ ഇന്ന് അമൃതയും എന്നെ പ്രലോഭിപ്പിക്കുകയാണ്. പക്ഷേ, മരണം, ശ്രമങ്ങള്ക്കെല്ലാമൊടുവില് അതെന്നെ പരാജയപ്പെടുത്തുകയായിരുന്നു. 2000 നവംബര്‍ ഏഴ് എന്ന തീയതി വെച്ച് ഷൈനയെഴുതിയ ഡയറിക്കുറിപ്പാണിത്. പാലക്കാട് ചിറ്റൂര്‍ കോളേജില്‍ പഠിച്ചിരുന്ന അമൃത എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ദിവസം.”
ഷൈന എന്തുകൊണ്ട് അങ്ങനെ ആയിത്തീര്‍ന്നുവെന്നും അതിന്റെ കാരണക്കാര്‍ ആരാണെന്നും ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കു വ്യക്തമായില്ലേ?
ജീവിച്ചിരിക്കുവാനും വളരുവാനും ആഹ്ലാദിക്കുവാനും സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനുമുളള പ്രകൃതിസഹജമായ വാസനയോടെയും ത്വരയോടെയും ജനിക്കുന്ന കുഞ്ഞിന് എന്തു കൊണ്ട് ഇങ്ങനെ ആയിത്തീരേണ്ടിവരുന്നുവെന്നത് അറിയുമ്പോഴാണ് കേരളത്തിലും ലോകത്തെവിടെയും നടക്കുന്ന ആത്മഹത്യയുടെ മനഃശാസ്ത്രപരമായ വശങ്ങള് നാം അറിയുന്നത്.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് നാം പഠിച്ചറിഞ്ഞാല്‍ മാത്രമെ ഇത്തരം മാനസിക ചിന്തകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുകയുളളൂ. ചില രക്ഷിതാക്കള്‍ ദേഷ്യം പിടിക്കുന്ന സമയത്ത് മക്കളോട് പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക:
“നിന്റെ കഥ ഞാന്‍ കഴിക്കും...ങാ...”
“കൊന്നു കളയും ഞാന്‍ നിന്നെ”
“നീ ജനിച്ചതുമുതലാണ് എന്റെ എല്ലാ നാശവും തുടങ്ങിയത്”
“നിന്നെപ്പോലത്തെ ഒന്ന് ജനിച്ചിട്ടില്ലെങ്കില്‍ എത്ര നല്ലതായിരുന്നു്”
ഇത്തരത്തിലുള്ള ഡയലോഗുകള്‍ നിരന്തരമായി കേട്ടു വളര്‍ന്നവരാണ് നാമെങ്കില്‍ നമുക്കകത്തുണ്ടാകുന്ന വികാരം താഴെകാണുന്ന രീതിയിലായിരിക്കും.
“എന്നെ ആര്‍ക്കും ഇഷ്ടമല്ല”
“എന്നെ ആര്‍ക്കും വേണ്ട”
എന്നെ ആര്‍ക്കും വേണ്ടെങ്കില്‍ ഞാനെന്തിനു ജീവിക്കണം. നാശം പിടിച്ച ഈ ജീവിതം എന്തിനായിരുന്നു എന്നൊക്കെ ചിന്തിക്കുന്നവര്‍ക്ക് എന്തു പുരോഗതിയാണ് ജീവിതത്തില്‍ ഉണ്ടാവുകയെന്ന് ആലോചിച്ചു നോക്കു...
ഒരു കാര്യം നിങ്ങള്‍ ഇവിടെ പ്രത്യേകം ശ്രദ്ധിക്കക. മുകളില്‍ പറഞ്ഞ രീതിയിലുള്ള വാക്കുകള്‍ കൊണ്ട് മാത്രമല്ല നമുക്കകത്ത് അത്തരം ചിന്തവരുന്നത്. അതിനെക്കാള്‍ അപകടം അവ ഉഛരിക്കുന്ന സമയത്തെ രക്ഷിതാക്കളുടെ, അല്ലെങ്കില്‍ മുതിര്‍ന്നവരുടെ ശരീരഭാഷയും ട്യൂണുമാണ് കുട്ടികള്‍ കോപ്പി ചെയ്യുന്നത്. ഈ വസ്തുത ഇന്ന് ശാസ്ത്രം തെളിയിച്ചതാണെന്ന് നിങ്ങള്‍ക്കറിയുമായിരിക്കും. അതായത് ഒരാള്‍ സംസാരിക്കുമ്പോള്‍ ഏഴു ശതമാനം മാത്രമാണ് വാക്കുകളിലൂടെ നമ്മില്‍ എത്തുന്നത്. അത്ഭുതം തോന്നുന്നു അല്ലേ? അത്ഭുതപെട്ടിട്ട് കാര്യമില്ല. ഇതാണ് വസ്തുത. ബാക്കി ശതമാനം എവിടെ പോയി എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. 38 ശതമാനം ട്യൂണിന്റെ അഥവാ സ്വരത്തിന്റെ പ്രത്യേകതയനുസരിച്ച് മനസ്സിലാക്കുന്നു.55 ശതമാനവും മനസ്സിലാക്കുന്നത് മുഖഭാവം, ആഗ്യങ്ങള്‍, ചലനങ്ങള്‍ മുതലായ ശരീരഭാഷയിലൂടെയാണ്.
മക്കളുള്ള രക്ഷിതാവാണ് നിങ്ങളെങ്കില്‍ കുട്ടികളോട്എന്തെങ്കിലും നെഗറ്റീവ് പറഞ്ഞ ഒരു സന്ദര്‍ഭം ഓര്‍ത്തെടുത്ത്, ആ സംസാരത്തിന്റെ സ്വരമൊന്ന് ശ്രദ്ധിച്ചുനോക്കൂ. ഉച്ഛത്തിലായിരുന്നോ, പതിഞ്ഞ സ്വരമായിരുന്നോ? അതല്ല ഭയാനക ശബ്ദമായിരുന്നോ, തുടര്‍ച്ചയായി അലറുകയായിരുന്നോ....അങ്ങനെ പലതും നിരീക്ഷിച്ചു നോക്കൂ.....
ഇനി അതിന്റെ ശരീരഭാഷയും പരിശോധിച്ചു നോക്കൂ. നിങ്ങളുടെ മുഖഭാവം എങ്ങനെയായിരുന്നു? നിങ്ങള്‍ നില്ക്കുകയായിരുന്നോ? ഇരിക്കുകയായിരുന്നോ? അതല്ല ശബ്ദം വെച്ച് നടക്കുകയായിരുന്നോ? മുഷ്ടി ചുരുട്ടിയിരുന്നോ? അങ്ങനെ പലതും നിരീക്ഷിക്കുക. യഥാര്‍ഥ രീതിയില്‍ നിങ്ങള്‍ നിരീക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ അത്ഭുതപ്പെടും. കാരണം, അപ്പോള്‍ നിങ്ങള്‍ക്കതിന്റെ ഗൗരവം ബോധ്യപ്പെടും.
ജീവന്റെ നിലനില്പിന്ന് ആവശ്യമായ പോസിറ്റീവ് സ്ട്രോക്കുകള്‍ (സ്നേഹം പ്രകടിപ്പിക്കല്‍) ആവശ്യത്തിന് ലഭിക്കാത്തതാണ് അങ്ങനെ ആയിത്തീരാനുളള കാരണം. കുടുംബത്തിലെ കലഹത്തിന്റെ അന്തരീക്ഷം, ഭാര്യാഭര്ത്താക്കന്മാര് തമ്മിലുളള കശപിശകള്, മനഃപൂര്‍വമായി കുഞ്ഞിനെ ശ്രദ്ധിക്കാതിരിക്കല്, അങ്ങനെ പല കാരണങ്ങളാല്‍ ഈ വിലക്ക് നമ്മില്‍ സംഭവിക്കുന്നു. ഇവ എന്താണെന്ന് വിശദമായി 'വിജയത്തിന്റെ മനഃശാസ്ത്രം' എന്ന പുസ്തകത്തില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. വായിക്കാത്തവര്‍ അത് വായിക്കുക. വിലക്കിന്റെ തീവ്രത കൂടുതല്‍ അനുഭവിച്ചവര്‍ അത്മഹത്യയില്‍ അഭയം തേടുന്നു. മറ്റു ചിലര്‍ 'എന്റെ മരണമാണ് (ഇല്ലായ്മയാണ്) ഇവരെ സന്തോഷിപ്പിക്കുക' എന്ന ചിന്തയില്‍ എത്തിച്ചേര്‍ന്ന് സ്വയം നശിക്കുന്നു. യാതൊരു വളര്‍ച്ചയുമില്ലാതെ മുരടിക്കുന്നു.
എന്നാല്‍ മറ്റു ചിലര്‍ ഈ വിലക്കിനെ വൈകാരികാടിത്തട്ടില് അമര്‍ത്തിവെച്ചു കൊണ്ട് ജീവിതം മുന്നോട്ടുനയിക്കുന്നു. പക്ഷേ, എത്ര പുരോഗതി ജീവിതത്തില്‍ ഉണ്ടായാലും ആന്തരിക സംതൃപ്തി അത്തരക്കാര്‍ക്ക് ഉണ്ടാവുകയില്ല. എന്തുകൊണ്ടാണിതിങ്ങനെ സംഭവിക്കുന്നത് എന്ന് ചിലപ്പോള്‍ അവര്‍ക്ക് കണ്ടെത്താന്‍ പോലും സാധ്യമല്ലാത്തവിധം ഈ വിലക്ക് അടിത്തട്ടില്‍ ഒളിഞ്ഞുകിടക്കുകയായിരിക്കും.
മറ്റു ചിലര്‍ക്ക് ഈ വിലക്ക് കാരണം ജീവിതത്തില്‍ ഒട്ടും മുന്നോട്ടു പോകുവാന്‍ സാധിക്കുകയില്ല. ഇങ്ങനെപോര ജീവിതം, ഒരുപാട് മാറാനുണ്ട്, പുരോഗതിയിലെത്തണമെങ്കില്‍ ഇന്നിന്ന മാറ്റം വേണമെന്നോക്കെ ചിന്തിക്കും. പക്ഷേ, എല്ലാം ചിന്താതലത്തില്‍ തന്നെ കിടക്കും. വൈകാരികതലത്തില്‍ ഈ വിലക്കുളളതു കൊണ്ടുതന്നെ മാറണമെന്നറിഞ്ഞിട്ടും മാറാന്‍ സാധിക്കുകയില്ല.
എന്തുണ്ട് മാര്‍ഗം? ഇത്തരത്തിലുളള വൈകാരിക പ്രശ്നങ്ങള്‍ തീരാതെ ബൗദ്ധികതലത്തിലുളള വളര്‍ച്ച സാധ്യമല്ല എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. എങ്ങനെ ഇതില്‍ നിന്നും രക്ഷപ്പെടും? കോഴ്സിലാണെങ്കില് തെറാപ്പിയിലൂടെയാണ് നമ്മളിത്തരത്തിലുള്ള പ്രശ്നങ്ങളെ മാറ്റിയെടുക്കുന്നത്. NLP യില്‍ ഇവക്കായി നിരവധി തെറാപ്പികളും ടെക്നിക്കുകളുമുണ്ട്.
ഇവിടെ നിങ്ങള്‍ ആദ്യമായി നിങ്ങളുടെ അകത്തേക്ക് കണ്ണോടിച്ചു നോക്കുക. ഇത്തരത്തിലുളള വിലക്ക് നിങ്ങള്ക്കകത്തുനിന്നും കളിക്കുന്നുണ്ടോ? ശരിക്കും നോക്കണം. ശ്രദ്ധിക്കുക; എന്റെ വാക്കുകള്‍ ശരിക്കും ശ്രദ്ധിക്കുക. നോക്കുക എന്ന വാക്കാണ് ഞാന്‍ ഉപയോഗിച്ചത്. ചിന്തിക്കുക എന്നല്ല. ചിന്തിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്താനോ ഇല്ലാതാക്കാനോ സാധ്യമല്ല. കാരണമെന്താണ്? ഇവ ചിന്താതലത്തിലല്ല നിലനില്‍ക്കുന്നത്. വൈകാരികതലത്തില്‍ നിലനില്‍ക്കുന്ന ഇവയെ തുടര്‍ച്ചയായി അകത്തേക്ക് നോക്കിയാല്‍ മാത്രമെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. മിക്കവാറുമെല്ലാവരിലും ഈ വിലക്ക് തീവ്രതയുടെ വ്യത്യാസത്തോടെ നിലനില്ക്കുന്നുവെന്ന താണ് ഗവേഷണഫലം. അതിനാല്‍ ശരിക്കും നോക്കുക.
എപ്പോഴും ഞാന്‍ പറയാറുളള വാക്ക് വീണ്ടും ആവര്‍ത്തിക്കുകയാണ്."We are the victims of the victims നാം ഇരകളുടെ ഇരകളാണ്. അതായത് നമുക്ക് ഇത്തരത്തിലുളള വിലക്കുകള്‍ ലഭിച്ചത് നമ്മുടെ രക്ഷിതാക്കളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നുമാണെങ്കില്‍ അവര്‍ക്കും അവ അവരുടെ രക്ഷിതാക്കളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും ലഭിച്ചതാണ്. അങ്ങനെ ആയിരക്കണക്കിന് വര്‍ഷങ്ങളായി, തലമുറ തലമുറയായി കൈമാറിപ്പോകുന്നതാണിത്. അതിനാല്‍ നാം ആരെയും പഴിചാരേണ്ടതില്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, നാം പ്രശ്നത്തിലല്ല ഫോക്കസ് ചെയ്യേണ്ടത്, മറിച്ച് പ്രശ്നപരിഹാരത്തിലാണ്.
ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് ഈ വിലക്കിനെക്കുറിച്ച് ബോധവാന്മാരാവുക എന്നതാണ്. ഒരു വിഷയത്തിലുളള കൃത്യമായ ബോധം, നിരന്തരമായ അവബോധം നമ്മെ അതിന്റെ പിടുത്തത്തില്‍ നിന്നും രക്ഷിക്കുന്നതാണ്. ഇത്രയും വായിച്ചെത്തിയപ്പോള്‍ തന്നെ നിങ്ങളുടെ പ്രശ്നം ഒരു വലിയ അളവില്‍ തീര്‍ന്നിരിക്കുന്നുവെന്ന് എനിക്കറിയാം. കാരണം, മനസ്സിന്റെ ഘടന അങ്ങനെയാണ്.
ഇനി, ഈ പ്രശ്നം അനുഭവിക്കുന്നത് നിങ്ങള്‍ക്ക് ചുറ്റുമുളള മറ്റാരെങ്കിലുമാണെങ്കില്‍, (ഭാര്യ, മക്കള്‍ മുതലായവര്‍) അവര്‍ക്ക് നിരന്തരമായ പോസിറ്റീവ് സ്ട്രോക്കുകള്‍ നല്‍കുക. ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ ലഭ്യമായിരുന്നിട്ടില്ലാത്ത സ്നേഹം ലഭിക്കുമ്പോള്‍ ഈ വിലക്ക് പതിയെ പിന്‍വലിയുന്നു. ഈ വിലക്കിനെക്കുറിച്ച് അവരെയും ബോധവാന്മാരാക്കുക.
ഒരു കാര്യം ഉറപ്പിക്കുക. ഇവയൊക്കെ നിഷ്പ്രയാസം പരിഹരിക്കാന്‍ പറ്റുന്നതേയുളളൂ. ഇവ പരിഹരിക്കപ്പെട്ടുകഴിഞ്ഞാല്‍, നിങ്ങളുടെ പുരോഗതിയെ പിന്നോട്ട് നയിക്കുന്ന തടസ്സങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞാല്‍ റോക്കറ്റു വേഗതയിലായിരിക്കും നിങ്ങള്‍ വിജയത്തിലേക്ക് പറക്കുന്നത്. എങ്കില്‍ നമുക്ക് ആരെയും കാത്തിരിക്കാതെ പ്രതിജ്ഞ പറഞ്ഞ് അടുത്ത അധ്യായത്തിലേക്ക് കടക്കാം.
പ്രതിജ്ഞ:
“എന്റെ കഴിവിനും പരിധിക്കും അപ്പുറം ചെറുപ്പത്തില്‍ എന്നില്‍ സംഭവിച്ച എല്ലാവിധ നെഗറ്റീവുകളെയും ഞാന്‍ തുടച്ചുമാറ്റുകതന്നെ ചെയ്യും. അവ സാധ്യമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടതിനാല്‍ ഓരോനിമിഷവും അതിനായുള്ള മാര്‍ഗങ്ങള്‍ ഞാന്‍ ചെയ്തുകൊണ്ടേയിരിക്കും.”
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ ഗ്രന്ഥകാരന് കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത ഗ്രന്ഥകാരന് ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച ഗ്രന്ഥകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗ്രന്ഥകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.