മഹാപ്രതിഭയായിത്തീരുന്നതിനുളള മൂന്നാമത്തെ ഗുണം നിരീക്ഷണമാണ്. ഇംഗ്ലീഷില്‍ ഒബ്സര്‍വേഷന്‍ (Observation) എന്നു പറയും. ലോക പ്രശസ്ത പ്രതിഭാശാലികള്ക്കൊക്കെ ഈ ഗുണമുണ്ട്. നിങ്ങള്‍ക്ക് അതുണ്ടോ?
രണ്ടു കാര്യം ഞാന്‍ ഉറപ്പിച്ചു പറയും. ഒന്ന്, നിങ്ങളില്‍ അത് ഉണ്ടായിരുന്നു; ചെറിയപ്രായത്തില്‍. രണ്ട്, ഇപ്പോഴും നിങ്ങള്ക്കകത്ത് ആ കഴിവ് മറഞ്ഞുകിടക്കുന്നുണ്ട്. പുറത്തുകാണുന്നില്ലെന്നുമാത്രം.
ഒരു കിണര്‍ കുഴിക്കണമെങ്കില്‍ നാം എന്താണ് ചെയ്യാറ്? വെള്ളം ഭൂമിക്കടിയില്‍ ആദ്യമേ ഉണ്ട്. വെള്ളം നാം നിര്‍മിക്കുന്നതോ ഉണ്ടാക്കുന്നതോ അല്ല. കിണര്‍ മാത്രമാണ് നാം നിര്‍മിക്കുന്നത്. ഭൂമിയിലുളള കല്ലും മണ്ണും പാറയുമൊക്കെ നീക്കം ചെയ്യണം. അപ്പോള്‍ വെളളത്തിന്റെ ഉറവകള്‍ പൊട്ടിത്തുടങ്ങും. ആദ്യമേ അവിടെ മണ്ണിനടിയില്‍ മറഞ്ഞുകിടക്കുന്ന വെള്ളമാണത്!
ഇപ്രകാരം എല്ലാവരിലും ഉണ്ടായിരുന്നതും ഇപ്പോള്‍ മറഞ്ഞുകിടക്കുന്നതുമാണ് ഈ കഴിവുകള്‍. എന്നാല്‍ നിരവധി കല്ലും മണ്ണും പാറക്കെട്ടുകളും (കണ്ടീഷനിംങ്ങ് അഥവാ അനുശീലനങ്ങള്‍) മൂലം അവയൊക്കെ മൂടപ്പെട്ടിരിക്കുകയാണെന്നു മാത്രം. ഇപ്പോള്‍ തന്നെ നിങ്ങളിത് ധൈര്യമായി വിശ്വസിച്ചോളൂ. ഈ പുസ്തകം വായിച്ചു തീരുമ്പോഴേക്കും നിങ്ങള്‍ക്കീ വസ്തുത ബോധ്യപ്പെടുമെന്ന് എനിക്കുറപ്പുണ്ട്.
നിങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ... അന്നത്തെ കാര്യങ്ങള്‍ ഓര്‍ത്തുനോക്കൂ... എന്തൊക്കെ നിരീക്ഷണങ്ങള്‍ നിങ്ങള്‍ നടത്തിയിട്ടുണ്ട്. ജീവിതത്തെ പൂര്‍ണമായും അതേപടി സ്വീകരിച്ച കാലഘട്ടം... ഒരു തരത്തിലുളള കളങ്കതയുമില്ലാതെ ജീവിതത്തെ പൂര്‍ണമായി വിശ്വസിച്ച, ഉള്‍ക്കൊണ്ട ആ നാളുകള്‍... കൊച്ചു കൊച്ചു കാര്യങ്ങളില്‍ വരെ ആസ്വാദനം കണ്ടെത്തിയ ആ നിമിഷങ്ങള്‍... കടല്‍തീരത്തെ കക്കകളും വെള്ളാരംകല്ലുകളും മഞ്ചാടിക്കുരുവും മയില്‍പീലിയുമൊക്കെ ഒരു നിധി കിട്ടിയതുപോലെ ശേഖരിച്ചു വെച്ച ആ ദിവസങ്ങള്‍... വെള്ളാരം കല്ലുകള്‍ക്ക് കോഹിനൂര്‍ രത്നത്തെക്കാള്‍ മൂല്യം കല്പിച്ചിരുന്ന ആ മാനസികാവസ്ഥ....
പ്രകൃതിയിലെ ഓരോന്നിനെയും എത്ര ആസ്വാദ്യകരമായിട്ടാണ് നാം അന്ന് നോക്കിക്കണ്ടത്. ആദ്യത്തെ മഴ, അതു നനഞ്ഞ നിമിഷം, പുലരിയിലെ മഞ്ഞുതുളികള്, നക്ഷത്രങ്ങള്‍, പൂനിലാവ് പെയ്യുന്ന അമ്പിളിമാമന്, പൂക്കള്‍, പൂമ്പാറ്റകള്‍, പക്ഷികള്‍ അങ്ങനെ പ്രകൃതിയിലെ പലതിനെയും എത്ര നേരം നമ്മള് നിരീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്!
ഹൊ! ഇപ്പോഴാണ് നിങ്ങളുടെ പഴയ കാലത്തെ നിരീക്ഷണ പാടവത്തെക്കുറിച്ച് ബോധ്യം വരുന്നത് അല്ലേ? ഓര്‍ത്തോളൂ.......ഓര്‍ത്തോളൂ.......സമയമെടുത്ത് ഓര്‍ത്തോളൂ, അവ ഓര്‍ക്കുന്നതു തന്നെ മനസ്സിനകത്ത് ഒരു തരം കുളിര്‍ക്കാറ്റ് കൊണ്ടുവരുമെന്നതാണ്. ഈ പുസ്തകം തല്കാലത്തേക്കൊന്ന് പൂട്ടിവെച്ച് പ്രകൃതിയിലെ ഈ അത്ഭുത പ്രതിഭാസങ്ങളെക്കണ്ട് നിങ്ങള്‍ അത്ഭുതത്തോടെ ആസ്വദിച്ച നിമിഷങ്ങളെ ഓര്‍ക്കുക.
ചെറുപ്പത്തില്‍ അല്പം അഡ്വഞ്ചറസായിരുന്ന എന്റെ നിരീക്ഷണത്തില്‍ പാമ്പും തേളും തവളയും വരെ ഉള്പെട്ടിരുന്നു. എന്റെ ജന്മ നാടായ മുല്ലക്കൊ ടിയിലെ എല്‍. പി. സ്ക്കൂള് മുറ്റത്തുണ്ടായിരുന്ന വലിയ മാവിന്‍ചുവട്ടിലെ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്തു നിന്നും പാമ്പ് തവളയെ പിടിക്കുന്നത് നോക്കിനില്ക്കുക പതിവായിരുന്നു. അങ്ങനെ നിരീക്ഷണത്തിന്റെ ഒരു നീണ്ട പട്ടികതന്നെയുണ്ടായിരുന്നു എനിക്ക്.
ഇപ്പോള്‍ എന്റെ ഒന്നരവയസ്സുകാരനായ മകന് അഫീഫ് അടുക്കളയില്‍ ഇരുന്ന് ട്യൂബ്ലൈറ്റിന് ചുറ്റുമുളള പല്ലി, പാറ്റ മറ്റു പ്രാണികള്‍ മുതലായവയെ നിരീക്ഷിക്കുന്നതും, പുറത്ത് കാക്ക, പൂച്ച, പക്ഷികള്‍ മുതലായവയെ നിരീക്ഷിക്കുന്നതും ആസ്വദിക്കുന്നതും കാണുമ്പോഴും ചില കാര്യങ്ങളാണ് എനിക്ക് ഓര്‍മവരുന്നത്.
1. എന്റെ ചെറുപ്പകാലം.
2. മനുഷ്യക്കുഞ്ഞിന്റെ പ്രകൃതിനിരീക്ഷണത്തിലുളള
താല്പര്യം.
3. ഈ നിരീക്ഷണ പാടവത്തെ ഊതിക്കെടുത്തുന്ന കണ്ടീഷനിങ്ങുകള്‍.
ഹൊ! ഏതോ മായാലോകത്ത് എത്തിയതുപോലെ അല്ലേ? പ്രിയ സുഹൃത്തുക്കളേ, ഒരു കാര്യം നിങ്ങള്‍ മറക്കാതിരിക്കുക.
ഇതേ നിരീക്ഷണത്തിന്റെ വികസിത രൂപമാണ് മഹാ പ്രതിഭാശാലികളായ ശാസ്ത്രകാരന്മാര് അവരുടെ ലബോറട്ടറികളിലും മറ്റും പ്രയോഗിക്കുന്നത്. ശാസ്ത്രകാരന്മാര് ഒരു കാര്യത്തെക്കുറിച്ച് ഗവേഷണം നടത്തുമ്പോള്‍, എന്താണവിടെ സംഭവിക്കുന്നത്? നിരീക്ഷണമാണ്. നിരീക്ഷണമെന്നാല്‍ കേവലം കാണലോ നോക്കലോ അല്ല. ശ്രദ്ധമുഴുവന്‍ അതില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ആ പ്രക്രിയ നടക്കുന്നത്. കുട്ടികള്‍ ഒരു നിരീക്ഷണത്തില്‍ മുഴുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? അവര്‍ ആ സമയത്ത് മറ്റൊന്നും അറിയില്ല. അവര്‍ അതില്‍ ലയിക്കും. അതിനാല്‍ തന്നെ അവര്‍ക്ക് ആസ്വദിക്കുവാനും പറ്റും. യുറേക്ക എന്നു വിളിച്ചു പറഞ്ഞ് ഓടിയ ശാസ്ത്രജ്ഞനെ നിങ്ങള്‍ക്ക് ഓര്‍മയില്ലേ? ആസ്വാദനത്തില്‍ മതിമറക്കുന്ന അവസ്ഥയാണത്. ആ ആസ്വാദനം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
എന്നാല്‍ ഇപ്പോള്‍ നമ്മുടെ അവസ്ഥയെന്താണ്? നമ്മുടെ കൊച്ചു പൂന്തോപ്പില്‍ എത്ര തവണ റോസ് വിരിഞ്ഞു. ഓഫീസിലേക്കുളള കുതിപ്പിനിടയില്‍ നമ്മളതു കാണുന്നുപോലുമില്ല, അറിയുന്നു പോലുമില്ല. നമ്മള് ഓട്ടത്തിലാണ്. തിരക്കിലാണ്. യന്ത്രങ്ങളുടെയും കമ്പ്യൂട്ടറുകളുടെയും ഇടയിലാണ് ജീവിതം. പ്രകൃതിയുമായി നാം അകന്നിരിക്കുന്നു.
പീറ്റര്‍ എം ലെസ്ച്ചാക്കിന്റെ വരികളാണ് എനിക്ക് ഓര്‍മവരുന്നത്:
“All of us are watchers- of television, of time clocks, of traffic on the free way - but few are observers. Every one is looking, not many are seeing”
“നാമെല്ലാവരും ടെലിവിഷനും ഘടികാരവും തുറന്നുവഴികളിലെ ഗതാഗതവുമൊക്കെ കാണുന്നവരാണ്. പക്ഷേ, നാം ആരും നിരീക്ഷണം നടത്തുന്നില്ല. എല്ലാവരും നോക്കുന്നു. പക്ഷേ, അധികപേരും കാണുന്നില്ല”
അലെക്സിസ് കാരലിന്റെ വാക്കുകള്‍ കൂടി ഞാന്‍ ഉദ്ധരിക്കട്ടെ:
“A few observations and much reasoning lead to error; many obeservations and a little reasoning lead to truth”
“അല്പം നിരീക്ഷണങ്ങളും അധികം യുക്തിചിന്തയും അബദ്ധത്തിലേക്ക് നയിക്കുന്നു; ധാരാളം നിരീക്ഷണങ്ങളും അല്പം യുക്തി ചിന്തയും യാഥാര്‍ഥ്യത്തിലേക്ക് നയിക്കുന്നു”
അപ്പോള്‍ ഒരു കാര്യം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതായത് മഹാപ്രതിഭയ്ക്കുണ്ടായിരിക്കേണ്ടുന്ന മൂന്നാമത്തെ ഗുണമായ നിരീക്ഷണ പാടവവും നിങ്ങളില്‍ ഒരു കാലത്ത് ഉണ്ടായിരുന്നു. അവ എങ്ങോട്ടുപോയി എന്നതുമാത്രം നിങ്ങള്‍ക്കറിയില്ല.
അകത്തുതന്നെയുണ്ട് സുഹൃത്തുക്കളെ...! ഇവയൊക്കെ പുറത്തുകൊണ്ടുവരുവാനുള്ള മാര്‍ഗങ്ങള്‍ നിങ്ങള്‍ പഠിച്ചു കഴിഞ്ഞാല്‍ നിഷ്പ്രയാസം അവ പുറത്തുവരും. അപ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും.
ഈ പുസ്തകം കേവലം അറിവുണ്ടാക്കുന്നതിനുവേണ്ടിയല്ല ഞാന്‍ എഴുതുന്നത്. മറിച്ച്, തിരിച്ചറിവുണ്ടാക്കുന്നതിന്നുവേണ്ടിയാണ്. പ്രവര്‍ത്തനമില്ലാത്ത അറിവ് ശേഖരിക്കല്‍ ശരിക്കും പ്രയോജനമില്ലാത്തതാണ്. അറിവ് പ്രവര്‍ത്തനമായി മാറുമ്പോള്‍ ജീവിതത്തില്‍ മാറ്റമുണ്ടാകുന്നു. അല്ലാത്തിടത്തോളം ആ അറിവ് പരിചയം മാത്രമാണ്. നിങ്ങളതിനെ ശേഖരിച്ചു കൊണ്ടേയിരിക്കും. നിങ്ങള്‍ ആ അറിവുകൊണ്ട് ഒന്നും ചെയ്യാത്തിടത്തോളം അത് കുറേവിവരങ്ങള്‍ മാത്രമായി അവശേഷിക്കുകയേയുളളൂ. കേവലം വിവരം മാത്രം മതിയെങ്കില്‍ വിശ്വവിജ്ഞാനകോശത്തിന്റെ രണ്ടു സീഡികള്‍ നിങ്ങള്‍ വാങ്ങിയാല്‍ മാത്രം മതി. ഏതു വിവരവും ഞൊടിയിടയില്‍ നിങ്ങള്‍ക്കു ലഭിക്കും. പക്ഷേ, ആ സീഡിക്കോ, അതിടുന്ന കമ്പ്യൂട്ടറിനോ ഇല്ലാത്ത ഒരു ക്വാളിറ്റി അഥവാ ഗുണം മനുഷ്യരായ എനിക്കും നിങ്ങള്‍ക്കുമുണ്ട്. അതാണ് അറിവിലൂടെ വളര്‍ത്തിയെടുക്കേണ്ടത്. തിരിച്ചറിവ് അഥവാ വിവേകം. അതാണ് മനുഷ്യന്റെ ആ മഹനീയമായ സമ്പത്ത്. ഇതു വളര്‍ന്നുവരുമ്പോള്‍ പ്രവൃത്തി ആരംഭിക്കുന്നു.
ഈ തിരിച്ചറിവിലെത്തണമെങ്കില്, തിരിച്ചറിവിലെത്താതിരിക്കാനുളള നമ്മുടെ പ്രതിബന്ധങ്ങളായ കണ്ടീഷനിങ്ങുകളെക്കുറിച്ചുളള തിരിച്ചറിവുണ്ടായിരിക്കണം. അവ നീക്കം ചെയ്താല്‍ മാത്രമെ അടിത്തട്ടില്‍ നിന്നും ശുദ്ധമായ നീരുറവ പൊട്ടിവരികയുളളൂ. ആ ശുദ്ധമായ നീരുറവ ജീവിതത്തിന്റെ നീരുറവ രുചിക്കുവാന്‍ നിങ്ങളുടെ മനസ്സ് തിടുക്കം കൂട്ടുന്നുവെങ്കില്‍ അടുത്ത അധ്യായത്തിലേക്ക് പ്രവേശിക്കുക.
അയ്യോ, സോറി, സോറി, സോറി!!
അടുത്ത അധ്യായത്തിലേക്ക് പോകുന്നതിന് മുമ്പ് നിങ്ങളുടെ കോശങ്ങളെയും ഉപബോധമനസ്സിനെയും പ്രതിധ്വനിപ്പിക്കുന്ന പ്രതിജ്ഞ പറയുക. എങ്കില്‍ ഹൃദയത്തിന് മുകളില്‍ കൈ വെച്ച് പ്രതിജ്ഞ പറയുക:
പ്രതിജ്ഞ:
“ഞാന്‍ നിരീക്ഷണ പാഠവം നന്നായി ഉള്ളയളാണ്. എനിക്കകത്ത് ജന്മനാ അവ ധാരാളമായി ഉണ്ട്. വിജയത്തിലേക്കുള്ള ഈ ഘടകത്തെ ധാരാളമായി ഞാന്‍ ഉപയോഗിക്കും.”
പ്രതിജ്ഞ പറഞ്ഞുകഴിഞ്ഞുവെങ്കില് നേരെ അടുത്ത അധ്യായത്തിലേക്ക് പ്രവേശിക്കുക.
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ ഗ്രന്ഥകാരന് കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത ഗ്രന്ഥകാരന് ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച ഗ്രന്ഥകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗ്രന്ഥകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.