നിങ്ങള്‍ രോഗിയായിക്കിടക്കുന്നത് എപ്പോഴെങ്കിലും ഭാവനയില്‍ കണ്ടിട്ടുണ്ടോ? സ്വപ്നത്തില്‍ കാണാറുണ്ടോ? രോഗിയായ നിങ്ങളെ ബന്ധുക്കളും സൃഹൃത്തുക്കളും അയല്‍വാസികളുമൊക്കെ കാണാന്‍ വരുന്നു. അവരൊക്കെ നിങ്ങളെ ഓര്‍ത്ത്, നിങ്ങളുടെ അവസ്ഥ ഓര്‍ത്ത് പരിതപിക്കുകയും സഹതപിക്കുകയും ചെയ്യുന്നു. ഇങ്ങനെ നിങ്ങള്‍ നിങ്ങളെത്തന്നെ കാണാറുണ്ടോ?
നിരവധി ടെസ്റ്റുകള്‍ നടത്തി രോഗമില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും വിട്ടുമാറാത്ത രോഗത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടില്ലേ? നിങ്ങള്‍ക്കു തന്നെ ഈ അനുഭവമുണ്ടോ?
മുകളിലത്തെ ചോദ്യങ്ങളുടെ ഉത്തരം ഉണ്ട് എന്നാണെങ്കില്‍ ശക്തമായ മറ്റൊരു വിലക്കിന്റെ ബലിയാടാണ് നിങ്ങള്‍. ആവശ്യമായ പോസിറ്റീവ് സ്ട്രോക്കുകള്‍ (സ്നേഹപ്രകടനങ്ങള്‍) നിങ്ങള്‍ക്ക് ചെറുപ്പത്തില്‍ കിട്ടിയിട്ടില്ലയെങ്കില് രോഗിയായിമാറിക്കൊണ്ട് അവ നേടിയെടുക്കുന്ന പ്രതിഭാസമാണിത്.
എന്റെ ജന്മനാടായ മുല്ലക്കൊടിയിലെ വീട്ടില്‍ കിടന്നുകൊണ്ട് ചെറുപ്പത്തില്‍ നിരവധിതവണ രോഗിയായിക്കിടക്കുന്ന രംഗം ഭാവനയില്‍ കണ്ടത് ‘വിജയത്തിന്റെ മന:ശാസ്ത്രം’ എന്ന പുസ്തകത്തില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. ആള്‍ക്കാരൊക്കെ വന്ന് സഹതപിക്കുകയാണ്... വേണ്ടായിരുന്നു, പാവം ഇവനോട് അങ്ങനെ ചെയ്യാണ്ടായിരുന്നു, ഇങ്ങനെ ചെയ്യണ്ടായിരുന്നു എന്നൊക്കെ അവര്‍ പറയുന്നതായി ഞാന്‍ ഭാവനയില്‍ കാണുന്നു.
പോസിറ്റീവ് സ്ട്രോക്കുകള്‍ ആവശ്യത്തിന് കിട്ടാതിരിക്കുമ്പോള്‍ അവ ലഭിക്കുവാനുളള ത്വരയാണ് ഇങ്ങനെയായിത്തീരുന്നത്. മാത്രമല്ല, ഭാവനയില്‍ കാണുന്നതിനു പുറമെ പല പ്രാവശ്യവും ഞാന്‍ മുതിര്ന്നവരോടൊക്കെ പല രോഗങ്ങള്‍ ഉളളതായി കളളം പറയും. കാല് വേദന, തലവേദന, വയറുവേദന ഇവ ഇടക്കിടക്ക് പറഞ്ഞു കൊണ്ടിരിക്കും. യഥാര്‍ഥത്തില്‍ അവ ഇല്ല. ഉണ്ടെന്ന് ഞാന്‍ അഭിനയിക്കുകയായിരുന്നു.
എല്‍.എല്‍.ബി രണ്ടാം വര്‍ഷം പഠിക്കുന്ന സമയത്ത് ഹോസ്പിറ്റലിലായപ്പോള്‍ അവിടെ കിടന്ന്, എന്റെ ക്ലാസ്സ്മേറ്റുകളായ എന്നെ വന്നുകണ്ട് ആശ്വസിപ്പിക്കുന്നത് ഭാവനയില്‍ ഞാന്‍ കാണുമായിരുന്നു. അതില്‍ ഒരു പ്രത്യേക സുഖം, ആനന്ദം. എന്തുകൊണ്ടാണെന്ന് മനസ്സിലായല്ലോ? ഉളളിലെ എന്റെ സ്ട്രോക്കിന്റെ (സ്നേഹത്തിന്റെ) ടാങ്ക് ശൂന്യമായിരുന്നു. എനിക്കത് കിട്ടിയേ പറ്റൂ. അതിനുളള മനസ്സിന്റെ അബോധപൂര്‍വ്വമായ കളികളാണിവയൊക്കെ.
ആശുപത്രിയില്‍ കിടക്കുമ്പോള്‍ എന്റെകൂടെ അന്തിയുറങ്ങിക്കൊണ്ട് എന്നെ സഹായിച്ച എന്റെ പല ആത്മസുഹൃത്തുക്കളെ കുറിച്ചും അവര്‍ എനിക്കു ചെയ്ത സഹായങ്ങളെകുറിച്ചുമൊക്കെ വീട്ടില്‍ പറയുമായിരുന്നു. അവര്‍ എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നതാണ് മറ്റൊരു ഭാഷയില്‍ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒന്നു കൂടി ആഴത്തില്‍ പറഞ്ഞാല്‍ ‘ഞാന്‍ സ്നേഹിക്കപ്പെടാന്‍ അര്‍ഹതയുള്ളവനാണ്, അതുകൊണ്ടല്ലേ അവരൊക്കെ എന്നെ സ്നേഹിക്കുന്നത്’ എന്നാണ് ഞാന്‍ വ്യത്യസ്ത രീതിയില്‍, ഭാഷയില്‍ പറഞ്ഞുകൊണ്ടിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇതൊക്കെ അകത്തുളള ഞാന്‍, അറിഞ്ഞോ അറിയാതെയോ ആനന്ദിക്കുന്നുണ്ടായിരുന്നു.
അറിയുമോ സുഹൃത്തുക്കളേ..........എനിക്കെന്താണ് സംഭവിച്ചതെന്ന്? സ്ട്രോക്കിന്റെ അഭാവം മാനസിക സംഘര്‍ഷത്തിന് എന്നെ അടിമയാക്കിയെങ്കില്, അവ ലഭിക്കാനുളള എന്റെ ഈ അബോധത്തില്‍ നിന്നും വന്ന പരിശ്രമം അക്ഷരാര്‍ഥത്തില്‍ എന്നെ ശാരീരിക രോഗിയാക്കിമാറ്റി. ഞാന്‍ ഭാവനയില്‍ കണ്ട അതേ രംഗം ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്ക് സംഭവിച്ചു. പിളളവാതം വന്ന് ഇരുകാലുകളും തളര്‍ന്ന് കിടപ്പിലായി.
ആള്‍ക്കാരൊക്കെ എന്നെ വന്നുകാണുന്നു. സഹതപിക്കുന്നു. പരിതപിക്കുന്നു. എന്റെ ഒരു വര്‍ഷത്തെ സ്കൂള്‍ പഠനം നഷ്ടപ്പെട്ടു. ആറുമാസത്തിലധികം ഞാന്‍ കിടപ്പിലായി.
ആ അസുഖം മാറിയെങ്കിലും ഞാന്‍ രോഗിയാണെന്ന എന്റെ ചിന്ത എന്നെ വിട്ടില്ല. വീട്ടില്‍ നിന്നും അത് പറയുന്നത് കേള്‍ക്കുന്നത് കൂടുകയും ചെയ്തു; പിള്ളവാതത്തോടെ.
പിന്നീട് കുറേവര്ഷങ്ങള്ക്കുശേഷം വയറുവേദനയായിരുന്നു പിടികൂടിയത്: കുറെക്കാലം വയറുവേദനയുണ്ടെന്ന് കള്ളം പറഞ്ഞ എനിക്ക് ശരിക്കും വയറുവേദനയായി. നിരവധി വര്‍ഷങ്ങള്‍ അത് തുടരുകയും ചെയ്തു. നിരവധി ഡോക്ടര്‍മാരെ കണ്ടിട്ടും മാറാത്ത അവസ്ഥയുണ്ടായി. എന്റോസ്കോപ്പിയെടുത്ത്നോക്കിയപ്പോള് പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. എങ്കിലും അസുഖം പഴയതുപോലെ തന്നെ അലട്ടുന്നു.
പ്രിയ സുഹൃത്തുക്കളെ... നിങ്ങളില്‍ ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടാകും. 'ഇയാള്‍ എന്താണീ പറയുന്നത്. ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന്'. എങ്കില്‍ ഓര്‍ക്കുക. ഇത് എന്റെ അനുഭവമാണെങ്കില്‍, നിങ്ങളില്‍ ചിലരുടെയെങ്കിലും അനുഭവമാണെങ്കില്‍, ആധുനിക ഗവേഷണം സംശയരഹിതമായി ഇപ്പോള്‍ പറയുന്നത് ഇത് സംഭവിക്കുമെന്നാണ്. നിരവധി ഗവേഷണങ്ങള്‍ ഈ രംഗത്ത് വന്നുകഴിഞ്ഞു. ബ്രൂസ് ലിപ്ടണ്‍ എഴുതിയ ദ ബയോളജി ഓഫ് ബിലീഫ് (The Biology of Belief), റിച്ചാര്‍ഡ് ബ്രൂഡിയുടെ വൈറസ് ഓഫ് ദ മൈന്റ് (Virus of the Mind) എന്നീ പുസ്തകങ്ങള്‍ ഇത് ശാസ്ത്രീയമായി വിശദീകരിക്കുന്നു.
ഡോക്ടര്‍ ദീപക് ചോപ്ര Creating Health എന്ന പുസ്തകത്തില്‍ പറയുന്നുത് നോക്കൂ...
''ഉത്കണ്ഠ, ഭയം, ദേഷ്യം മുതലായ വികാരങ്ങള്‍ മസ്തിഷ്കത്തിലെ ചില രാസഘടകങ്ങളില്‍ മാറ്റം വരുത്തുന്നുവെന്ന് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നു. ന്യൂറോ ട്രാന്‍സ് മ്യൂട്ടേഴ്സ് എന്ന് വിളിക്കപ്പെടുന്ന ഈ രാസഘടകങ്ങള്‍ക്ക് തലക്കകത്തുളള ഗ്ലാന്റില്‍ നിന്നും A C T H പോലുളള ഹോര്‍മോണുകളെ സ്രവിക്കുന്നതിനെ സ്വാധീനിക്കുവാന്‍ സാധിക്കുന്നു. ഇത് വൃക്കകള്ക്കകത്തുളള അഡ്രീനല്‍ ഗ്രന്ഥികളെ ത്വരിതപ്പെടുത്തുകയും അവ കോര്‍ട്ടിസോള്‍, അഡ്രീനാലിന് മുതലായ ഹോര്‍മോണുകളെ രക്തത്തിലേക്ക് റിലീസ് ചെയ്യുകയും രക്തസമ്മര്‍ദ്ദത്തിന് കാരണമാക്കിത്തീര്ക്കുകയും ചെയ്യുന്നു. രോഗപ്രക്രിയയുടെ ഉല്‍ഭവത്തിന്റെ പ്രധാനകാരണമായി മനസ്സിലാക്കപ്പെടുന്ന പ്രതിഭാസത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്. ഒരു വികാരത്തെ അല്ലെങ്കില്‍ ചിന്തയെ രാസ സന്ദേശമായി രൂപാന്തരപ്പെടുത്തുകയും അവ അവയവങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസം. ഇതാണ് ശാരീരിക-മനശാസ്ത്രബന്ധത്തിന്റെ, ഞാന്‍ പറഞ്ഞ, ആദ്യ പ്രദര്‍ശനം.''
എത്രമാത്രം നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി എന്നത് നിങ്ങളുടെ അനുഭവങ്ങളുടെ തീവ്രതപോലെയിരിക്കും. ഇത്രയും പറഞ്ഞതിന്നര്‍ഥം രോഗങ്ങള്‍ യാഥാര്‍ഥ്യങ്ങളല്ല എന്നല്ല. മറിച്ച് നമ്മുടെ ചിന്തകളും വികാരങ്ങളും തലച്ചോറിനകത്ത് ചില രാസഘടകങ്ങള്‍ ഉദ്പാദിപ്പിക്കുകയും അവ രോഗത്തിന് കാരണമായിത്തീരുകയും ചെയ്യുന്നുവെന്നതാണ് ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പോസിറ്റീവ് സ്ട്രോക്കുകള്‍ ലഭിക്കുന്നതിനുവേണ്ടി കളിക്കുന്ന നെഗറ്റീവ് കളികള്‍ യഥാര്‍ഥ രോഗിയാക്കി കളിക്കുന്ന ആളെ മാറ്റുന്നു. ശാരീരികവും മാനസികവുമായ സുഖാവസ്ഥയെ നശിപ്പിക്കുന്ന ഈ വിലക്കിനെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണുതാനും. ഒരുപാട് പഠനത്തിനും വായനയ്ക്കും ശേഷം വളരെ വൈകിയാണ് എനിക്കിത് തിരിച്ചറിയാന്‍ സാധിച്ചത്. അതിനാല്‍ നിങ്ങള്‍ ഇത്തരത്തിലുളള ബുദ്ധിമുട്ടുകള്‍ (സ്ഥിരമായ തലവേദന, വയറുവേദന മുതലായവ) അനുഭവിക്കുന്നുവെങ്കില്‍ നിങ്ങളുടെ ശൈശവത്തെ ഒന്ന് വീണ്ടും നോക്കിക്കാണുക. ഏറ്റവും പുതിയ ഗവേഷണ ഫലം പറയുന്നത് ക്യാന്‍സര്‍ എന്ന മാരക രോഗം പോലും മാനസികവും വൈകാരികവുമായ തലങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നാണ്.
വികാരങ്ങളെ കുറിച്ചും മന:ശരീരബന്ധങ്ങളെ കുറിച്ചുമുള്ള ആധുനിക ശാസ്ത്രം പ്രധാനമായും മൂന്നു പേരുടെ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുരോഗമിച്ചത്. ഡോ. കാന്ഡന്സ് പെര്‍ട്ട് (Dr. Candance Pert), ഡോ. ദീപക് ചോപ്ര (Dr. Deepak Chopra), ഡോ. ബ്രൂസ് ലിപ്റ്റണ്‍ (Dr. Bruce Lipton) എന്നിവരാണവര്‍.
ഡോ. ദീപക് ചോപ്ര അദ്ദേഹത്തിന്റെ ക്വാണ്ടം ഹീലിംങ് (Quantum Healing) എന്ന പുസ്തകത്തില്‍ പറയുന്നത് അമര്‍ത്തിവെച്ച നെഗറ്റീവ് വികാരങ്ങള്‍ നമ്മുടെ കോശങ്ങള്‍ക്കകത്ത് പ്രത്യേകരീതിയില്‍ സൂക്ഷിക്കപ്പെടുന്നുവെന്നാണ്. ഈ ഓര്‍മകളെ അദ്ദേഹം ഫാന്റം ഓര്‍മകള്‍ (Phantom memories) എന്നാണ് വിളിക്കുന്നത്. ഇവ പില്ക്കാലത്ത് നമ്മുടെ ശരീരത്തിനകത്ത് രോഗങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമായിത്തീരുകയും ചെയ്യുന്നു.
‘Molecules of Emotions’ (വികാരങ്ങളുടെ രസതന്ത്രം) എന്ന പുസ്തകത്തില്‍ ഡോ. കാന്ഡന്സ് പെര്‍ട്ട് പറയുന്നത് നമ്മുടെ മനസ്സില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ മാറ്റം ശരീരത്തെയും സ്വാധീനിക്കുന്നു എന്നാണ്. അതിനാല്‍ മനസ്സിലെ നെഗറ്റീവ് വികാരങ്ങള്‍ ശാരീരിക രോഗങ്ങളായി പ്രത്യക്ഷപ്പെടുന്നു.
152 ക്യാന്‍സര്‍ രോഗികളില്‍ നടത്തിയ ഗവേഷണത്തെക്കുറിച്ച് പറയുമ്പോള്‍ ഡോക്ടര്‍ ദീപക് ചോപ്ര പരാമര്‍ശിക്കുന്നത് നോക്കൂ...
“അവരുടെ അനുഭവങ്ങളെ കുറിച്ച് എല്ലാവരും നെഗറ്റീവ് മനോഭാവം പ്രകടിപ്പിച്ചു. അത്തരം പോസിറ്റീവോ നെഗറ്റീവോ ആയ മനോഭാവങ്ങള്‍ അടിസ്ഥാനപരമായും പോസിറ്റീവോ നെഗറ്റീവോ ആയ ചിന്താ പ്രക്രിയകളുടെ പരിണിതഫലമാണ്. പോസിറ്റീവ് മനോഭാവം, വിശ്വാസം, പ്രതീക്ഷ, ധൈര്യം, സന്തോഷം, ആത്മവിശ്വാസം മുതലായ വികാരങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നു. മറുഭാഗത്ത്, നെഗറ്റീവ് മനോഭാവങ്ങള്‍ ഭയം, ശത്രുത, നിരാശാബോധം മുതലായ വികാരങ്ങളെ ഉല്പാദിപ്പിക്കുന്നു” (Creating Health, How to Attain Perfect Health and Feel Ever Youthful - Revised Edition, Rider Books, p.22)
ഇനിയും വിശദീകരിക്കേണ്ടതില്ലാത്തവിധം കാര്യം വ്യക്തമായിക്കഴിഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ വളരെയധികം ജാഗ്രതപാലിക്കുക. ഇത്തരത്തിലുളള നെഗറ്റീവ് സ്ട്രോക്കുകള്‍ കിട്ടിയയാളാണ് നിങ്ങള്‍ എങ്കില്‍ എത്രയും പെട്ടെന്ന് ഇവയെക്കുറിച്ച് ബോധവാനാവുക. അസുഖത്തിലൂടെയുളള ഒരു സ്നേഹവും എനിക്കു വേണ്ടായെന്ന് ആദ്യം പ്രതിജ്ഞയെടുക്കുക. ആ സ്നേഹം സത്യത്തില്‍ സ്നേഹമല്ല. അതൊരുതരം അനുകമ്പ മാത്രമാണ്. സ്നേഹത്തെക്കാള്‍ എത്രയോ ദരിദ്രമായ ഒന്നാണ് അനുകമ്പയെന്നത്. രോഗിയായികിടന്നപ്പോള് ഞാന്‍ ശ്രമിച്ചത് അനുകമ്പ കിട്ടുവാനാണ്. സത്യത്തില്‍ അത് ‘കാക്കപ്പൊന്നാണ്.’ കണ്ടാല്‍ പൊന്നാണെന്നു തോന്നും. എന്നാല്‍ യഥാര്‍ഥത്തില്‍ പൊന്നല്ല.
സ്നേഹത്തിനുപകരം വെക്കാന്‍ നമ്മുടെ അബോധമനസ്സ് കണ്ടെത്തുന്ന ഒരു വസ്തുവാണ് അനുകമ്പ. അത് ലഭിക്കുവാനുളള അബോധമനസ്സിന്റെ കളിയാണ് രോഗാഭിനയം. ഫലമോ യഥാര്ഥരോഗവും. അനുകമ്പ ലഭിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ നമ്മള് കൂടുതല്‍ ദുഃഖിതരാവുകയാണ് ചെയ്യുക. കേള്‍ക്കുമ്പോള്‍ ഒരു സുഖം ആദ്യം തോന്നും. “അയ്യോ പാവം എത്ര ചെറിയ വയസ്സാണ്. പക്ഷേ, രോഗമായിപ്പോയി അല്ലേ?” എന്നൊക്കെ നമ്മെക്കുറിച്ച് പറയുമ്പോള്‍ പുറമെ സുഖം തോന്നുമെങ്കിലും ആന്തരികമായി നമ്മള് കൂടുതല്‍ കൂടുതല്‍ ദുഃഖിതരാകും. കാരണമെന്താണ്? ഞാന്‍ രോഗിയാണെന്ന വസ്തുത കൂടുതല്‍ കൂടുതല്‍ ഉറക്കുകയല്ലേ ഇത് കേള്‍ക്കുമ്പോള്‍ അകത്ത് സംഭവിക്കുന്നത്?
ഇത് കേള്‍ക്കുമ്പോള്‍, ദുഃഖിതനാകുമ്പോള് കൂടുതല്‍ അസുഖമുള്ളവനായി മാറും. അപ്പോള്‍ മറ്റുള്ളവര്‍ കൂടുതല്‍ അനുകമ്പ കാണിക്കും. സദാസമയവും നാം രോഗപരാതി പറയുമ്പോഴും (ചിലര്‍ കരയുകയും ഏങ്ങലടിക്കുകയും ചെയ്യുന്നു) മറ്റുമൊക്കെ നമ്മെ കാണുന്നവര്‍ക്ക് കൂടുതല്‍ അനുകമ്പവരും. ഈ കളിയിലെ അത്ഭുത വസ്തുത ഇത് കളിക്കുന്നവര്‍ തന്നെയും ഇത് ആസ്വദിക്കുന്നുണ്ട് എന്നതാണ്.
അതിനാല്‍ പ്രിയ സുഹൃത്തുക്കളെ.... നിങ്ങള്‍ പ്രതിജ്ഞയെടുക്കുക ‘ഞാന്‍ അനുകമ്പ ആവശ്യപ്പെടുകയില്ല’ അനുകമ്പ കാക്കപ്പൊന്നാണ്.
നിങ്ങള്‍ക്ക് സ്നേഹം കിട്ടണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ (അതാണ് എല്ലാവരുടെ അകത്തുളള ആഗ്രഹം. പുറത്ത് കാണുന്നതൊക്കെ കൃത്രിമമാണ്) നിങ്ങള്‍ മറ്റുളളവരെ സ്നേഹിച്ചു തുടങ്ങുക. ഇപ്പോള്‍........ഈ നിമിഷം തന്നെ അതു തുടങ്ങുക. അപ്പോള്‍ നിങ്ങള്‍ക്ക് സ്നേഹം കിട്ടിത്തുടങ്ങും. എങ്കില്‍ മാത്രമെ അനുകമ്പക്കുളള യാചന അവസാനിക്കുകയുളളൂ. അപ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ സ്നേഹിക്കാന്‍ കഴിയും. നിങ്ങള്‍ക്കാ സ്നേഹം പതിന്മടങ്ങ് തിരിച്ചു കിട്ടുമ്പോള്‍ നിങ്ങള്ക്കകത്ത് ആഹ്ലാദത്തിന്റെ, സന്തോഷത്തിന്റെ പുതിയ പര്‍വതങ്ങള്‍ ഉയിര്ക്കൊളളും. അപ്പോള്‍ ജീവിതത്തിന്റെ ഘടന തന്നെ മാറിമറിയും! നിങ്ങള്‍ അത്ഭുതപ്പെടും... ഇങ്ങനെയും ജീവിക്കാന്‍ പറ്റുമോ എന്ന്. ഇങ്ങനെയും ജീവിതമുണ്ടോ എന്ന്.
എങ്കില്‍ പ്രതിജ്ഞ പറഞ്ഞോളൂ...
പ്രതിജ്ഞ:
“ഞാന്‍ ജന്മനാ ആരോഗ്യവാനാണ്. ആരോഗ്യത്തിന്റെ ശക്തമായ വിത്തോടുകൂടിയാണ് ഞാന്‍ ജനിച്ചത്. എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ഞാന്‍ പഠിച്ചെടുത്ത് അവലംബിക്കുകതന്നെചെയ്യും.”
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ എഴുത്തുകാരന്കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച എഴുത്തുകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ എഴുത്തുകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.