ജീവിതത്തില്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ട വൈകാരിക സമ്മര്‍ദ്ദം മൂലം സഹിക്കവയ്യാതെ ഏതെങ്കിലും മൂലയിലോ ബാത്ത് റൂമിലോ പോയി പൊട്ടിക്കരഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ കുമിഞ്ഞുകൂടിയ സങ്കടങ്ങള്‍ അകത്തുതന്നെ അമര്ത്തിവെക്കാറുണ്ടോ?
ദേഷ്യത്തെ അകത്ത് അടിച്ചമര്‍ത്തി ജീവിക്കുന്നയാളാണോ നിങ്ങള്‍? എങ്കില്‍ ഈ വിലക്കിന്റെ ബലിയാടായാണ് നിങ്ങള്‍ ജീവിച്ചത്.
ആദ്യമായി ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കാം. നിങ്ങള്‍ എന്തെങ്കിലും കാരണത്താല്‍ ദേഷ്യം പിടിച്ച സമയത്ത് നിങ്ങളുടെ ഭാര്യയോട് അല്ലെങ്കില്‍ ഭര്‍ത്താവിനോട് പെരുമാറുന്നത് പോസിറ്റീവായിരിക്കുമോ നെഗറ്റീവായിരിക്കുമോ? നിങ്ങള്‍ തന്നെ എഴുതുക:
അടുത്ത ചോദ്യം. നിങ്ങള്‍ എന്തെങ്കിലും കാരണവശാല്‍ ദുഃഖിച്ചിരിക്കുന്ന സമയത്ത് ഭാര്യയോട് അല്ലെങ്കില്‍ ഭര്‍ത്താവിനോട് പെരുമാറുന്നത് പോസിറ്റീവായിരിക്കുമോ നെഗറ്റീവായിരിക്കുമോ?
മുകളില്‍ പറഞ്ഞ രണ്ടു സന്ദര്‍ഭങ്ങളിലും ആരോട് പെരുമാറുന്നതും നെഗറ്റീവ് ആയിരിക്കില്ലേ? തീര്‍ച്ചയായും ആയിരിക്കും.
മനുഷ്യന് അടിസ്ഥാനപരമായി നാലു വികാരങ്ങളാണുളളത്:
1. Sad ദു:ഖം 2. Mad ദേഷ്യം
3.Glad സന്തോഷം 4. Scared ഭയം
ഈ വികാരങ്ങള്‍ (സന്തോഷം ഒഴികെ) അകത്ത് സംജാതമാകുമ്പോള്‍ ഒന്നുകില്‍ നമുക്ക് അവയെ അടിച്ചമര്‍ത്താം. അല്ലെങ്കില്‍ പ്രകടിപ്പിക്കാം. ഏതാണ് നല്ലത്? നിങ്ങള്‍ പറയൂ:
എന്നാല്‍ രണ്ടായാലും അപകടമാണ്. അടിച്ചമര്‍ത്തിയാല്‍ വ്യക്തിക്ക് ദോഷം ചെയ്യും. പ്രകടിപ്പിച്ചാല്‍ മറ്റുളളവര്‍ക്ക് ദോഷമാകും ദേഷ്യത്തെ ഉളളില്‍ ഒതുക്കിവെക്കുമ്പോള്‍ അത് വെറുപ്പായിമാറും.
പിന്നെയെന്താണു മാര്‍ഗം? മൂന്നാമതൊരു മാര്‍ഗമുണ്ട്. അതാണതിന്റെ ശരിയായ രീതി. ദേഷ്യത്തെ റിപ്പോര്‍ട്ട് ചെയ്യുക. നിങ്ങള്ക്കനുഭവപ്പെട്ട ദേഷ്യം, അല്ലെങ്കില്‍ മറ്റേതെങ്കിലും വികാരം ആരോടാണോ അത് തോന്നിയത് അവരോട് റിപ്പോര്‍ട്ട് ചെയ്യുക. ഒരു സംഭവം നടന്നാല്‍ പത്രക്കാര് റിപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടിട്ടില്ലേ? അതേ പ്രകാരം, വൈകാരിക പൊട്ടിത്തെറികളില്ലാതെ റിപ്പോര്‍ട്ട് ചെയ്യുക.
എന്നാല്‍ പലര്‍ക്കുമിത് സാധിക്കാറില്ല. കാരണം, പലരും ഈ വിലക്കിന് അടിമപ്പെട്ടവരാണ്. ഈ വിലക്കിന്റെ പേര് “അരുത് വികാരങ്ങള്‍ പ്രകടിപ്പിക്കരുത്” (Don't feel) എന്നാണ്.
“ഹേയ്, എനിക്ക് ദുഃഖമുണ്ട്, സങ്കടമുണ്ട് എന്ന് മറ്റുളളവരോട് പറയ്യേ...” എന്ന് ചിന്തിച്ച് പലര്‍ക്കും നാണക്കേട് അനുഭവപ്പെടുന്നു. മൂലയിലിരുന്ന് സങ്കടപ്പെടുന്ന നമ്മള് ആള്‍ക്കാരെ കാണുമ്പോള്‍ മുഖം തുടച്ച് മറ്റൊരു ഭാവത്തില്‍ പ്രത്യക്ഷപ്പെടും. അകത്തെ പ്രശ്നം കാരണം ചിരിക്കാന്‍ പറ്റാത്ത നമ്മള് മറ്റേയാള്‍ക്കു വേണ്ടി ചിരിയെ കഷ്ടപ്പെട്ട് മുഖത്ത് കൊണ്ടുവരും. എന്നാല്‍ ആ ചിരിയില്‍ പന്തികേടുണ്ട് എന്ന് മറ്റേയാള്‍ക്ക് ബോധ്യപ്പെടുകയും ചെയ്യും.
“എന്താ, നിങ്ങള്‍ക്കെന്താ പ്രശ്നം?” എന്നു ചോദിച്ചാല്‍ “ഹേയ്, ഒന്നുമില്ല; എന്തു പ്രശ്നം? ഒരു പ്രശ്നവുമില്ല” എന്നു നാം ഉത്തരം പറയും.
കുട്ടികളെ ഉറക്കെ ചിരിക്കാന്‍ അനുവദിക്കാത്തവരും, ആണ്‍കുട്ടി കരയുമ്പോള്‍ ‘പെണ്‍കുട്ടികളെ പോലെ കരയരുത്’ എന്നു പറയുന്നവരും, കുട്ടികളില്‍ ഈ വിലക്കിന്റെ വിത്തുപാകുകയാണ് ചെയ്യുന്നത്.
കുട്ടിക്ക് ദേഷ്യം വരുമ്പോള്‍ നാം എന്താണ് ചെയ്യാറ്? അലോചിച്ചു നോക്കൂ......... നിങ്ങള്‍ക്ക് ചെറുപ്പത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കിട്ടിയ ഡാറ്റ എന്തായിരുന്നു?
''ദേഷ്യം പിടിക്കരുത്.''
''ദേഷ്യം പിടിക്കല്‍ ചീത്ത കുട്ടികളുടെ സ്വഭാവമാണ്''. ''ദേഷ്യം ചീത്ത സ്വഭാവമാണ്'' ഇത്തരത്തിലുളള ആജ്ഞകളല്ലേ നിങ്ങള്‍ക്ക് കിട്ടിയിരുന്നത്? ഓര്‍ത്തു നോക്കൂ.
എന്താണിവിടെ സംഭവിക്കുന്നത്. ദേഷ്യം വരുക എന്നത് സ്വാഭാവികമാണ്. അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നിടത്താണ് വിജയ പരാജയം കിടക്കുന്നത്. മുകളില്‍ പറഞ്ഞതുപോലുളള ആജ്ഞകള്‍ കുട്ടികള്‍ക്ക് നാം കൊടുക്കുമ്പോള്‍ ആ ദേഷ്യം അപ്പോള്‍ കുട്ടിയില്‍ ഇല്ലാതാവുകയല്ല ചെയ്യുന്നത്. പകരം ആ ദേഷ്യം കുട്ടി അകത്ത് അടിച്ചമര്‍ത്തുകയാണ്. ദേഷ്യമടക്കമുളള പല വികാരങ്ങളും അങ്ങനെ നിരന്തരമായി അടിച്ചമര്‍ത്തുമ്പോള്‍ അവ ദുഃഖത്തിന് കാരണമായിത്തീരുന്നു.
നിങ്ങള്‍ ഒറ്റക്കിരിക്കുന്ന സന്ദര്‍ങ്ങളില്‍ കണ്ണടച്ച് നിങ്ങളുടെ അകത്തേക്ക് ശ്രദ്ധിച്ചു നോക്കൂ. മറ്റുളളവരെക്കുറിച്ചോ, മറ്റുസംഭവങ്ങളെക്കുറിച്ചോ ഒന്നും ഓര്‍ക്കാതെ, നിങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ട് അകത്തേക്ക് നോക്കുക.
അങ്ങനെ അല്പസമയം നോക്കുമ്പോള്‍ നിങ്ങള്‍ അകത്ത് കാണുന്നത് കൂടുതല്‍ നെഗറ്റീവോ അതോ പോസിറ്റീവോ?
ഞാന്‍ ജീവിതത്തില്‍ ഈ ചോദ്യം പലരോടും ചോദിച്ചിട്ടുണ്ട്. ബിസിനസ്സുകാര്‍, സാധാരണക്കാര്‍, വിദ്യാഭ്യാസമുള്ളവര്‍, ഇല്ലാത്തവര്‍ അങ്ങനെ സമൂഹത്തിലെ എല്ലാതരക്കാരും നല്കിയ ഉത്തരം അകത്ത് അധികവും നെഗറ്റീവ് വികാരങ്ങള്‍ കാണുന്നുവെന്നാണ്.
എങ്കില്‍ എന്താണിതിന്റെ കാരണമെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമായോ? ഇത്രയും കാലം നിങ്ങള്‍ അടിച്ചമര്‍ത്തിവെച്ച, ഇപ്പോഴും അടിച്ചമര്ത്തിവെച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത വികാരങ്ങളാണ് നിങ്ങള്‍ അവിടെ കണ്ടുകൊണ്ടിരിക്കുന്നത്. ചെറിയ പ്രായം മുതല്‍ നമുക്ക് കിട്ടിയ പരിശീലനം വികാരങ്ങളെ അടിച്ചമര്‍ത്താനാണ്. പക്ഷേ, നാം അറിയാതെ പോകുന്നു, ഈ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളൊക്കെ ഒരു നാള് ഒരു ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുമെന്ന കാര്യം. ആ സ്ഫോടനത്തിന് ബലിയാടാകുന്നത് നിങ്ങളുടെ ഭാര്യയോ ഭര്‍ത്താവോ മക്കളോ ആയിരിക്കും. നഷ്ടപ്പെടുന്നത് വിലപിടിച്ച ബന്ധങ്ങളും ചിലപ്പോള്‍ ജീവിതം തന്നെയുമായിരിക്കും.
അതല്ലെങ്കില്‍ ഈ അടിച്ചമര്‍ത്തപ്പെട്ട വികാരം ശരീരത്തിന്റെ രാസഘടനയെത്തന്നെ സ്വാധീനിച്ചുകൊണ്ട് ഒരു ഉഗ്ര സ്ഫോടനം അകത്ത് നടക്കുന്നു. ഈ സ്ഫോടനം മുഖേന കരസ്ഥമാകുന്നത് മാരക രോഗങ്ങളായിരിക്കും. ഡോക്ടര്‍ ദീപക് ചോപ്ര തന്റെ ക്രിയേറ്റിങ്ങ് ഹെല്‍ത്ത് (Creating Health) എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക:
''മനഃശരീരബന്ധം യാഥാര്‍ഥ്യമായിരുന്നു. എഴുപതുകളുടെ അവസാനത്തില്‍ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ലാത്ത സന്ദേശവാഹക കോശങ്ങളുടെ (messenger cells) കണ്ടെത്തല്‍ അതിന്ന് തെളിവാണ്. അവ (സന്ദേശവാഹക കോശങ്ങള്‍) നമ്മുടെ രക്തത്തിലൂടെ സഞ്ചരിക്കുകയും നമ്മുടെ ചിന്തകള്‍, വികാരങ്ങള്‍, വിശ്വാസങ്ങള്‍, മുന്‍ധാരണകള്‍, ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍, ഭയങ്ങള്‍ മുതലായവയെ ഭൗതിക യാഥാര്‍ഥ്യമാക്കി രൂപാന്തരപ്പെടുത്തുന്നു. മനസ്സ് ഭൗതിക പദാര്ഥത്തിലേക്ക് രൂപാന്തരപ്പെടുന്നു. വലിയ മായാജാല പ്രക്രിയയൊന്നുമല്ലിത്. മറിച്ച് ശരീരത്തിലെ ശതകോടി കോശങ്ങളുടെ സ്വാഭാവികപ്രക്രിയ മാത്രമാണിത്. നിങ്ങളുടെ ഹൃദയ കോശങ്ങളും ശ്വാസകോശങ്ങള്‍, വൃക്കകള്‍, ഉദരവും ചെറുകുടലുമൊക്കെ പങ്കുചേരാതെ ഒരു ചെറിയ മാനസികാവസ്ഥപോലും നിങ്ങള്‍ക്ക് അനുഭവിക്കുവാന്‍ സാധ്യമല്ല. നിങ്ങളുടെ മസ്തിഷ്കത്തെ പോലെ തന്നെ ഈ അവയവങ്ങളും നിങ്ങളുടെ മാനസിക ജീവിതത്തില്‍ മുഴുവനായും പങ്കുചേരുന്നു. മനസ്സിലേക്ക് പ്രവേശിക്കുന്ന ഓരോ കാര്യവും ശരീരമെന്ന് നാം വിളിക്കുന്ന 3-D സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. യഥാര്‍ഥത്തില്‍ നമുക്കുള്ളത് ഒരു ശരീരവും ഒരു മനസ്സുമല്ല. മറിച്ച് നമുക്കുള്ളത് ഒരു ശരീരമനസ്സാണ്. ഇതാകട്ടെ പരിധിയില്ലാത്ത ബുദ്ധിശേഷിയുടെ ഒരു വലയമാണ്. ആന്തരിക ചിന്തയുടെ ഓരോ മിന്നലാട്ടവും അമീനോ ആസിഡിന്റെ ക്രമീകരണത്തിലെ ഓരോ മാറ്റവും ഓരോ ഇലക്ട്രോണിന്റെ സ്പന്ദനവുമെല്ലാം ഇതില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു'' (Creating Health, How to Attain Perfect Health and Feel Ever Youthful - Revised Edition, Rider Books, ആമുഖത്തില്‍ നിന്ന്)
ഇനിയുമുണ്ട് ധാരാളം തെളിവുകള്‍; അതേ പുസ്തകത്തില്‍ തന്നെ. മനസ്സ് വിഷലിപ്തമാകുമ്പോള്‍ ശരീരവും എങ്ങനെ വിഷലിപ്തമാകുന്നു വെന്ന് ശാസ്ത്രീയമായി അദ്ദേഹം അതില്‍ വിവരിക്കുന്നുണ്ട്.
എന്താണ് മാര്‍ഗം? ഇത്തരം വിഷാംശങ്ങളില്‍ നിന്നും എങ്ങനെ രക്ഷപ്പെടും?
ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കുക. ‘ദേഷ്യപ്പെടരുത്’ എന്ന് കുട്ടികളോട് ആജ്ഞാപിക്കുന്ന നാം എങ്ങനെ ദേഷ്യപ്പെടാതിരിക്കാം, അതിന്റെ വഴികള്‍ എന്തൊക്കെയാണ് എന്ന് അവരെ പഠിപ്പിക്കുന്നില്ല. ക്രോധത്തെ എങ്ങനെ അടിച്ചമര്‍ത്താം എന്നു മാത്രമാണ് നമ്മുടെ പെരുമാറ്റത്തിലൂടെ കുട്ടി പഠിച്ചെടുക്കുന്നത്.
കുട്ടിയെ സംബന്ധിച്ചിടത്തോളം നമ്മുടെ ആശ്രിതത്വത്തിലാണ് അവന് കഴിയുന്നത് എന്നതിനാല്‍ അവന് അത് അനുസരിക്കാന്‍ നിര്‍ബന്ധിതനാകുന്നു. അതിനാല്‍ അവന് ദേഷ്യത്തെ, അല്ലെങ്കില്‍ മറ്റേതെങ്കിലും വികാരത്തെ മുഖത്ത് നിന്നും ഇല്ലാതാക്കുന്നു. പകരം അവന് ചിരിക്കുന്നു. കൃത്രിമവും കപടവും വ്യാജവുമായ ചിരി ചിരിക്കുവാന്‍ അവന് പരിശീലിച്ചു തുടങ്ങുന്നു. ഉള്ളില്‍ നിറയെ തീയും പുറമെ പുഞ്ചിരിയുമെന്ന കപടനാട്യക്കാരനായി അവന് വളര്‍ന്നു തുടങ്ങുന്നു. അല്ലെങ്കില്‍ ഉള്ളില്‍ ഇളിക്കുകയും പുറമെ ചിരിക്കുകയും ചെയ്യുന്നു. ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒരു ശീലമായി മാറുന്നു. ഈ ശീലം ഉപബോധ മനസ്സില്‍ അളളിപ്പിടിക്കുന്നു. ഇതിന്റെയൊക്കെ ഫലമോ, ഒന്നുകില്‍ മറ്റുള്ളവരെ നശിപ്പിക്കും അല്ലെങ്കില്‍ സ്വയം നശിപ്പിക്കും. അകത്ത് ഈ തീ എന്നും ആളിക്കത്തുന്നുണ്ടാകും. മരണം വരെ അത് തുടരുകയും ചെയ്യും.
അതിനാല്‍ ഓര്‍ക്കുക പ്രിയ സുഹൃത്തുക്കളെ, ഏതു വികാരങ്ങളെയും അടിച്ചമര്‍ത്താതിരിക്കുക. മോശമായ രീതിയില്‍ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുക. പകരം, അവ ആരോടാണോ തോന്നിയത് അവരോട് സാഹചര്യവും സന്ദര്‍ഭവും നോക്കി പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യുക. ഇതിന്റെ പ്രായോഗിക രീതി നിത്യ ജീവിതത്തിലെ ഉദാഹരണ സഹിതം ‘മക്കളെ മിടുക്കരാക്കിമാറ്റാന്' (രണ്ടാ ഭാഗം) എന്ന പുസ്തകത്തില്‍ വിശദമായി പറഞ്ഞതിനാല്‍ ഇവിടെ ഞാന്‍ ആവര്‍ത്തിക്കുന്നില്ല.
വികാരങ്ങളെ ആത്മസുഹൃത്തുക്കള്ക്കിടയിലും ഭാര്യാ ഭര്ത്താക്കന്മാര്ക്കിടയിലും നല്ലരീതിയില്‍ പങ്കുവെക്കുമ്പോള്‍ നിങ്ങളുടെ അകത്തെ തീ അണഞ്ഞുതുടങ്ങുന്നു. ആ അഗ്നി അണഞ്ഞു തുടങ്ങുമ്പോള്‍ നിങ്ങളുടെ ഇന്റലിജന്‍സ് പവര്‍ (ബുദ്ധിശക്തി) പതിന്മടങ്ങ് ശക്തിയാര്‍ജിച്ചു തുടങ്ങുന്നു. നിങ്ങളുടെ മസ്തിഷ്കപ്രവര്‍ത്തനത്തിന്റെ ഈ തടസ്സം നീങ്ങുന്നതോടെ ജീവിതത്തെ നിങ്ങള്‍ നോക്കിക്കാണുന്ന രീതിതന്നെ മാറുന്നു. നിങ്ങളുടെ ആറ്റിറ്റിയൂഡ് മാറുന്നതോടെ പോകുന്നിടത്തൊക്കെ വിജയം നിങ്ങളുടെ കൂടെയുണ്ടാകുന്നു. ഇതിനെക്കാള്‍ വലിയ സംഗതി നിങ്ങള്‍ക്കെന്താണ് ജീവിതത്തില്‍ വേണ്ടത്?
അതിനാല്‍ തയാറാവുക; ഇപ്പോള്‍ തന്നെ തയാറാവുക; വലിയ ഒരു മാറ്റത്തിന്. അതിനുളള ശേഷി നിങ്ങള്ക്കകത്തുതന്നെയുണ്ട്; ബ്ലോക്കുകള്‍ നീക്കുകയേ വേണ്ടൂ, അവ പ്രത്യക്ഷപ്പെട്ടുകൊളളും... ARE YOU READY...
പ്രതിജ്ഞ:
“വിജയിക്കുവാനുള്ള എല്ലാ ചേരുവകളും എന്റെ അകത്തുതന്നെയുണ്ട്. വിജയത്തിന്റെ ആണിക്കല്ലായ വികാരങ്ങള്‍ കൈകാര്യം ചെയ്യുന്ന പാഠങ്ങള്‍ (emotional management) ഞാന്പഠിച്ച് പ്രാവര്ത്തിമാക്കുകതന്നെ ചെയ്യും.”
എങ്കില്‍ അടുത്ത അധ്യായത്തിലേക്ക് വരു... ബാക്കി കാര്യങ്ങള്‍ കൂടി നമുക്ക് നോക്കാം...
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ എഴുത്തുകാരന്കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച എഴുത്തുകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ എഴുത്തുകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.