'വിജയത്തിന്റെ മനഃശാസ്ത്രം' എന്ന പുസ്തകം വായിച്ച ശേഷം പതിനെട്ടു വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയുടെ മാതാവ് എന്നോട് പറഞ്ഞ കാര്യം ഞാന്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണ്:
''ഞാന്‍ കുറേ വര്‍ഷം ഗള്‍ഫില്‍ താമസിച്ചിരുന്നതിനാല്‍, അവിടെ അറബികള്‍ വലിയ മക്കള്‍ക്ക് കിസ്സ് കൊടുക്കുന്നതും ആലിംഗനം ചെയ്യുന്നതുമൊക്കെ നിരവധി കണ്ടതുകൊണ്ട്, എന്റെ മകള്‍ ഹോസ്റ്റലിലേക്ക് പോകുമ്പോള്‍ ഞാന്‍ കിസ്സ് കൊടുക്കും. പക്ഷേ, സത്യം പറയാലോ ആ കിസ്സ് കൊടുക്കുന്ന സമയത്ത് വയറ്റില്‍ ഒരു കാളിച്ചപോലെ. എന്തോ തെറ്റാണ് ഞാന്‍ ചെയ്യുന്നത് എന്ന ഒരു പ്രതീതി. പാടില്ലാത്ത കാര്യം ചെയ്യുന്നത് പോലെ''.
ഇതിനെക്കുറിച്ച് വിശദീകരിക്കുന്നതിനു മുമ്പ് ഞാന്‍ നിങ്ങളോട് ചോദിക്കട്ടെ. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഇങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടോ? നിങ്ങളുടെ മുതിര്‍ന്ന കുട്ടിയെ കിസ്സ് ചെയ്യുമ്പോള്‍, ആലിംഗനം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ ഭാര്യഭര്‍തൃബന്ധത്തില്‍ ഇങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടോ? ശരിക്കും ആലോചിക്കുക. ബോധമനസ്സിന് പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത ഒരു സംഗതിയാണിത്. നിങ്ങള്‍ നിങ്ങളുടെ മുതിര്‍ന്ന കുട്ടിയെ ഒന്ന് ഉമ്മവെക്കാന്‍, ആലിംഗനം ചെയ്യാന്‍ ശ്രമിച്ചുനോക്കൂ. അപ്പോള്‍ അറിയാം, യഥാര്‍ഥ അവസ്ഥ.
എന്തുകൊണ്ടാണിതിങ്ങനെ സംഭവിക്കുന്നത്? ശാരീരികമായ അടുപ്പം അനുവദനീയമായ ആള്‍ക്കാരുമായി ഇങ്ങനെ അടുക്കാന്‍ പറ്റാത്തരീതിയിലുള്ള വൈകാരികത പൊന്തിവരുന്നത് എന്തുകൊണ്ട്? ചിന്തിക്കാതെ രക്ഷയില്ല, സുഹൃത്തുക്കളെ! ചിന്തിച്ച് മനസ്സിലാക്കി ബോധവാനായാല്‍ മാത്രമെ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റുകയുളളൂ.
ഇത് ഞാന്‍ ചുമ്മാ പറയുന്നതല്ല. ബോധമനസ്സിന് പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത ഒരു വിലക്ക് ഇത്തരക്കാര്‍ക്ക് ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. ഈ വിലക്കിന്റെ പേര് “അരുത്, അടുക്കരുത്”( Don’t be close) എന്നാണ്. അബോധമനസ്സിന്റെ നിഗൂഢതയില്‍ ഒളിഞ്ഞിരിക്കുന്ന ഈ വിലക്ക് നമ്മുടെ ജീവിതത്തില്‍ വരുത്തുന്ന കഷ്ടനഷ്ടങ്ങള്‍ വളരെ വലുതാണ്. അതിമഹത്തായ ഈ ജീവിതത്തെ ആസ്വദിക്കാന്‍ പറ്റണമെങ്കില്‍ ഈ വിലക്ക് മാറിയിരിക്കണം. അല്ലെങ്കില്‍ ഭാര്യഭര്ത്താക്കന്മാര്ക്കിടയില് ആത്മാര്‍ഥമായ ബന്ധം നിലനില്ക്കുകയില്ല. അവര്‍ തമ്മിലുളള മാനസിക അകല്‍ച്ച ഔദ്യോഗിക ജീവിതത്തെ വരെ ബാധിക്കുന്നു. കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനെയും അത് ബാധിക്കുന്നു. കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതു വരെ എത്തിക്കുന്നതിന്ന് ഈ വിലക്ക് പ്രധാന വില്ലനാണ്.
രണ്ടു കാരണങ്ങളാലാണ് ചെറുപ്രായത്തില്‍ ഇതു സംഭവിക്കുന്നത്.
1. കുട്ടിയുമായുളള സ്പര്‍ശനം തീരെ കുറഞ്ഞാല്‍ .
2. വൈകാരികമായ അടുപ്പം ഇല്ലെങ്കില്‍.
ഇവ രണ്ടും കിട്ടാത്ത ആളാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ഈ വിലക്ക് നിങ്ങളില്‍ ഉണ്ടാകും. ഈ അധ്യായത്തിന്റെ തുടക്കത്തില്‍ പറഞ്ഞ, മാതാവിന്റെ ഉദാഹരണം നോക്കുക. അവര്‍ക്ക് ഞാന്‍ അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി കൊടുത്തപ്പോള്‍ പറഞ്ഞു: “നിങ്ങള്‍ പറഞ്ഞത് ശരിയാണ്, എനിക്ക് എന്റെ മാതാവില്‍ നിന്നും ഒരു തവണ പോലും ഇത്തരത്തിലുളള ശാരീരിക സ്പര്ശനങ്ങള് ഒന്നും തന്നെ കിട്ടിയിട്ടില്ല. കിസ്സ് പോലും ചെയ്യാറില്ല.”
ഇതു തന്നെയാണ് അതിന്റെ യഥാര്‍ഥ കാരണം. രക്ഷിതാക്കളില്‍ നിന്നും തുടര്‍ച്ചയായ ശാരീരിക അകല്‍ച്ചയുണ്ടാകുമ്പോള്‍ കുട്ടികളില്‍ ഈ വിലക്ക് ഉടലെടുക്കുന്നു. കുട്ടി മനസ്സില്‍ ഇത് പലപ്പോഴും ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ, അത് ലഭിക്കാതിരിക്കുമ്പോള്‍ പിന്നീട് ശ്രമിക്കാതിരിക്കും. കാരണമെന്താണെന്നറിയുമോ? ഓരോ തവണ ശ്രമിച്ചു പരാജയപ്പെടുമ്പോള്‍ ഉണ്ടാകുന്ന തിരസ്കരണത്തിന്റെ വേദന സഹിക്കാന്‍ കുട്ടിക്ക് പിന്നെ സാധിക്കുകയില്ല. പിന്നീട് ഈ വിലക്ക് ഉറക്കുകയായി.
പക്ഷേ, പ്രശ്നം എവിടെയാണെന്നറിയുമോ? ഇതു കുടുംബ ജീവിതത്തെ മാത്രമല്ല ഔദ്യോഗിക ജീവിതത്തെയും ബാധിക്കുമെന്നതാണ്. കാരണം, ഈ വിലക്ക് കിട്ടിയവരില്‍ ഉടലെടുക്കുന്ന മറ്റൊരു വിലക്കുണ്ട്. അത് ഓട്ടോമാറ്റിക്കായി സംഭവിക്കുന്നതാണ്. “അരുത്, വിശ്വസിക്കരുത” (Don’t trust) എന്നതാണ് ആ വിലക്ക്. സാമൂഹിക ജീവിയായ മനുഷ്യന് മറ്റുളളവരില്‍ വിശ്വസ്തത കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലുളള അവസ്ഥ ആലോചിച്ചു നോക്കൂ. പുരോഗതിയുണ്ടാവില്ല. വിജയമുണ്ടാവില്ല. നിങ്ങള്‍ക്ക് ആരെയും വിശ്വാസമില്ലെങ്കില്‍, നിങ്ങള്‍ക്കെങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കും? ഭാര്യയെ വിശ്വാസമില്ല, കീഴ്ജീവനക്കാരെ വിശ്വാസമില്ല, ജോലിക്കാരെ വിശ്വാസമില്ല, ബിസിനസ് പാര്‍ട്ട്ണര്‍മാരെ വിശ്വാസമില്ല, നിങ്ങളുടെ കൂട്ടായ്മയിലെ മറ്റു അംഗങ്ങളെ വിശ്വാസമില്ല... അങ്ങനെ നീണ്ടു പോകുന്നു പട്ടിക.
എങ്കില്‍ എങ്ങനെയുണ്ടാവും ജീവിതം? വളരെ പരിതാപകരമായിരിക്കില്ലേ? അതിനാല്‍ ഈ വിലക്കിനെക്കുറിച്ച് വളരെയധികം ബോധവാനായിരിക്കുക.
“അരുത്, വിശ്വസിക്കരുത്” എന്ന വിലക്ക് ഉടലെടുക്കുന്നതിന്റെ മറ്റുകാരണങ്ങള്‍ കൂടി കാണുക.
1. രക്ഷിതാക്കള്‍ പെട്ടെന്ന് മരണപ്പെടുന്ന കുട്ടികളില്‍ ഇത് സംഭവിക്കുന്നു. (ഇത് നമ്മുടെ നിയന്ത്രണത്തി ലല്ലാത്തതിനാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല) പക്ഷേ, നിയന്ത്രണത്തിലുളള കാര്യത്തില്‍ നാം ഇനി യെങ്കിലും മാറ്റം വരുത്തുമെന്ന് പ്രതിജ്ഞയെടുക്കുക.
2. രക്ഷിതാവ് അധാര്മ്മികനാണെങ്കില് ഇത് സംഭവിക്കുന്നു.
3. കുട്ടികളോട് രക്ഷിതാവ് ട്രിക്കുകള്‍ കളിക്കുകയാണെങ്കില്‍ ഈ വിലക്ക് ഉടലെടുക്കും.
4. കുട്ടിയെ മുതലെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്താലും സംഭവിക്കും.
രക്ഷിതാവ് അധാര്മ്മികനായതിന്റെ ദുരന്തഫലങ്ങളൊക്കെ നിങ്ങള്‍ ധാരാളമായി പത്രങ്ങളിലൊക്കെ വായിച്ചുകാണുമല്ലോ? ഇത്തരം ഘട്ടങ്ങളില്‍ കുട്ടിയെടുക്കുന്ന തീരുമാനമിതാണ്: “ ഞാന്‍ എന്നെ തന്നെ സംരക്ഷിക്കുന്നതിനായി അകലേക്കു മാറിനില്‍ക്കും''.
മനസ്സിലായില്ലേ? അകലേക്ക് മാറിനില്‍ക്കുമെന്ന്! ഇത്തരം കുട്ടികള്‍ വലുതായാല്‍ ഇവര്‍ക്ക് ആരെയെങ്കിലും വിശ്വാസമുണ്ടാകുമോ? ഇനി അഥവാ ഇത്തരം ആള്‍ക്കാരെ മറ്റുള്ളവര്‍ അംഗീകരിക്കുകയാണെങ്കില്‍ പോലും, അതിനെയും സംശയദൃഷ്ട്യാ മാത്രമെ കാണാന്‍ സാധിക്കുകയുള്ളൂ.
അവന്റെ അബോധതലത്തില്‍ നിന്നും അവഗണനയുടെ ലക്ഷണത്തെ മണത്തറിയുന്നതാണിതിന്ന് കാരണം. ചെറുപ്പകാലത്തെ അനുഭവം അതാണ് കാരണം.
ഇനി അഥവാ ഇവരെ അവഗണിക്കുന്നതില്‍ നിന്നും തിരസ്കരിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍, ചില നെഗറ്റീവ് ഗെയിമുകള്‍ (ജീവിതത്തില്‍ നാം അറിഞ്ഞോ അറിയാതെയോ കളിക്കുന്ന പല ഗെയിമുകളുമുണ്ട്. മാനസിക കളികളാണവ. കളിച്ച് ബന്ധം വഷളാക്കുന്നു. അവസാനം അവര്‍ പറയും ''കണ്ടില്ലേ, ഞാന്‍ ആദ്യമേ പറഞ്ഞില്ലേ. ഇതൊക്കെ ഇങ്ങനെയേ സംഭവിക്കൂ എന്ന്''.
ഹൊ! വിചിത്രം അല്ലേ, സുഹൃത്തുക്കളെ? എന്നാല്‍ ഇവിടം കൊണ്ടും പ്രശ്നം അവസാനിക്കുന്നില്ല. മനസ്സിന്റെ അടിത്തട്ടിലുളള ഈ കടുംപിടുത്തം ശാരീരിക രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. അബോധമനസ്സിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് ശരീരം പ്രവര്‍ത്തിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇന്ന് ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞതാണ്. പലവിധ ചര്‍മ രോഗങ്ങള്‍ വരെ ഉണ്ടാകുവാനുളള സാധ്യതകളാണ് ഗവേഷകര്‍ പറയുന്നത്. ചില ചര്‍മ രോഗങ്ങള്‍ എത്ര ചികിത്സിച്ചിട്ടും മാറാത്തതിന്റെ കാരണവും ഇതാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
രക്ഷിതാക്കള്‍ക്ക് മക്കളോടും മക്കള്‍ക്ക് രക്ഷിതാക്കളോടുമുളള സ്നേഹബന്ധങ്ങള്‍ പങ്കുവെക്കുന്നത് മാനസികവും ശാരീരികവുമായ തലങ്ങളിലാണ്. ഈ അടുപ്പം കൂടുന്നതിനനുസരിച്ച് കുട്ടികളിലുണ്ടാകുന്ന അകാരണമായ ഭയം, ആകാംക്ഷ മുതലായവ ഇല്ലാതാവുകയും വിശ്വാസ്യത വര്‍ധിക്കുകയും ചെയ്യുന്നു.
NLP തെറാപ്പിയിലൂടെ ഇത്തരത്തിലുളള ഒരു കടുത്ത പ്രശ്നം പരിഹരിക്കപ്പെട്ട പ്ലസ്ടുകാരിയായ കുട്ടിയുടെ മാതാവ് എന്നെ ഫോണിലൂടെ അറിയിച്ച കാര്യം ഞാന്‍ ഓര്‍ക്കുകയാണ്. “അവള് ഇപ്പോള്‍ പറയുന്നത് സ്കൂള്‍ വിട്ടുവരുമ്പോഴൊക്കെ ഞാന്‍ അവളെ കിസ്സ് ചെയ്യണമെന്നാണ്. ഞാന്‍ ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ചോളൂ” എന്നാണ്.
നോക്കൂ സുഹൃത്തുക്കളെ ആ മനസ്സിന്റെ തേട്ടം. എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണിത്. പക്ഷേ, അത് അടിത്തട്ടില്‍ ഒളിച്ചുവെക്കുമ്പോള്‍ ശാരീരികമോ മാനസികമോ ആയ രോഗമായിത്തീരുന്നു.
ഈ വിലക്ക് അനുഭവിക്കുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ എന്തുണ്ട് പരിഹാരമാര്‍ഗം? ഇപ്പോള്‍ തന്നെ കുറെ മാറിയതുപോലെയില്ലേ? അതങ്ങനെയാണ്. നാം ഒരു കാര്യത്തെക്കുറിച്ച് കൃത്യമായ അവബോധത്തില്‍ എത്തുമ്പോള്‍ തന്നെ പ്രശ്നം ഒരു പരിധി വരെ പരിഹൃതമാവുന്നു.
രണ്ടാമതായി, നിങ്ങള്‍ക്ക് അനുവദനീയമായ എല്ലാവര്ക്കും (ഭാര്യ, ഭര്‍ത്താവ്, മക്കള്‍) ധാരാളം സ്പര്‍ശന സ്ട്രോക്കുകള്‍ നല്‍കുക. കിസ്സും ആലിംഗനവും എന്തായാലും സാന്ദര്‍ഭികമായി നല്‍കുക. തീര്‍ച്ചയായും അപ്പോള്‍ നിങ്ങള്‍ക്കുമത് തിരിച്ചുകിട്ടും.
ഇത് പ്രാവര്‍ത്തികമാക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ടാകും എന്ന് എനിക്കറിയാം. പക്ഷേ, വിടരുത്. നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്നോര്‍ക്കുക. ലഭിക്കാനിരിക്കുന്നത് വലിയ വലിയ നേട്ടങ്ങളും. അകത്തു നിന്നും ആരോ നിങ്ങളെ പുറകോട്ടു വലിച്ചുകൊണ്ടിരിക്കും. പക്ഷേ, വിട്ടുകൊടുക്കരുത്. ആ വേണ്ടാത്ത വികാരത്തെ പുറത്തു കൊണ്ടുവന്ന് പൊട്ടിച്ചുകളയുക. നിങ്ങള്‍ക്ക് യഥാര്‍ഥ ‘ഇന്റിമസി’ (അകക്കാമ്പും അകക്കാമ്പും തമ്മിലുളള ബന്ധം) അനുഭവിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതികഠിനമായ പ്രയത്നത്തിലൂടെ ഈ വിലക്കിനെ പൊട്ടിച്ചെറിഞ്ഞേ പറ്റൂ. അല്ലെങ്കില്‍ നഷ്ടം നിങ്ങള്‍ക്കുതന്നെയാണ്.
ഞാന്‍ കേട്ടിട്ടുണ്ട്, ഗ്രൂപ്പിലും പല സംഘടനാരംഗത്തുമൊക്കെ നല്ല ഇടപെടലുകള്‍ നടത്തുന്ന പലരും ഉറ്റബന്ധുക്കളായ ഭാര്യ, മക്കള്‍, രക്ഷിതാക്കള്‍, സഹോദരങ്ങള്‍ മുതലായവര്‍ കൈകൊടുത്ത് ഹസ്തദാനം ചെയ്യുവാനോ കണ്ണില്‍ നിന്ന് കണ്ണിലേക്ക് നോക്കി ആശയ വിനിമയം നടത്തുവാനോ സാധിക്കാത്തവരാണെന്ന്. സമൂഹത്തില്‍ അവരുടെ അഭിവാദനത്തിന്റെ സ്വരവും താളവുമൊക്കെ അതിഗംഭീരമായിരിക്കും. കൈപിടിച്ചാല്‍ പിന്നെ വിടുക തന്നെയില്ല. എന്നാല്‍ വീട്ടില്‍ എത്തിയാലോ? ഇപ്പറഞ്ഞ ഒന്നുമില്ല. അപ്രകാരം തന്നെ ടി.എ. ഗ്രൂപ്പിലും മോട്ടിവേഷനല്‍ ക്ലാസ്സുകളിലുമൊക്കെ ഷൈന്‍ ചെയ്യുന്നവര്‍, തങ്ങളുടെ വീടുകളിലെത്തുമ്പോള്‍ ശബ്ദമിടറിപ്പോകുന്ന അവസ്ഥ. നാക്കിറങ്ങിപ്പോയതുപോലെ. ശാരീരിക സ്പര്ശനത്തിനായി ഒന്ന് കൈ കൊടുക്കാന്‍ (ഷേക്ക് ഹാന്റ്) കൈ പൊന്താത്തവര്‍!!
ഇതൊരു വൈകാരിക പ്രശ്നമാണ്. ഇത് അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് എന്ന് എനിക്കറിയാം. എന്നാല്‍ ഞാനിത് ഇത്ര ഓപ്പണ്‍ ആയി ചര്‍ച്ച ചെയ്യുന്നത് നിങ്ങള്‍ ഇങ്ങനെയുളള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആളാണെങ്കില്‍ ഇനിയെങ്കിലും ബോധവാനാവണം എന്നതിനാലാണ്. പ്രശ്നത്തെ തിരിച്ചറിയുക.
എന്നാല്‍ നിങ്ങളുടെ യഥാര്‍ഥ ജീവിതം നിങ്ങളുടെ വീട്ടിലാണ്. അവിടെയാണ് മാറ്റം വരേണ്ടത്. ആ മാറ്റത്തിലൂടെയാണ് യഥാര്‍ഥ ആനന്ദം നിങ്ങള്‍ക്ക് ലഭിക്കുന്നത്. മറ്റുളളിടത്ത് കിട്ടുന്ന സന്തോഷങ്ങളൊക്കെ താല്ക്കാലികമാണ്. ആ കിട്ടുന്ന സമയത്ത് മാത്രം. അവര്‍ പിരിഞ്ഞുപോയാല്‍ അവരും അവരുടെ വീടുകളിലേക്കെത്തി. അവയൊന്നും വേണ്ടയെന്നല്ല. എന്റെ വാക്കുകളെ നിങ്ങള്‍ തെറ്റിദ്ധരിച്ചു പോകരുത്. അതും വേണം. ഗ്രൂപ്പുകളിലും സന്തോഷത്തോടെ ഇടപെടണം. പക്ഷേ, അവിടെ മാത്രം ഒതുങ്ങിപ്പോകുമ്പോള്‍ ജീവിതത്തിന്റെ മാറ്റ് നഷ്ടമാകുന്നു.
എന്താ തയ്യാറുണ്ടോ? മാറ്റത്തിന് തയ്യാറുണ്ടോ? നിങ്ങള്‍ക്ക് ആന്തരിക ആനന്ദം ലഭിക്കണമോ എന്ന്? വേണമെന്നുണ്ടെങ്കില്‍ പൊട്ടിച്ചെറിയുക. ചെറുപ്പകാലത്ത് സംഭവിച്ച ഇത്തരത്തിലുളള എല്ലാ ചെങ്ങലക്കെട്ടുകളെയും പൊട്ടിച്ചെറിയുക. ആന്തരികവും ബാഹ്യവുമായ എല്ലാ വിജയങ്ങളും നിങ്ങളെ തേടിയെത്തും. Wish you a happy and prosperous life.
എങ്കിലിനി പ്രതിജ്ഞാവാചകം പറഞ്ഞുകൊണ്ട് അടുത്ത അധ്യായത്തിലേക്ക് പ്രവേശിക്കാം.
പ്രതിജ്ഞ:
“ഞാന്‍ വിശ്വസ്തനാണ്. ആളുകളുമായി എളുപ്പം ആത്മബന്ധം സ്ഥാപിക്കാന്‍ പറ്റിയ അവസ്ഥയിലാണ് ഞാന്‍ ജനിച്ചത്. വിജയത്തിന്റെ അടിസ്ഥാന ഘടകമായ ഈ കഴിവിനെ പൂര്‍ണമായും ഞാന്‍ ഉപയോഗപ്പെടുത്തും.”
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ എഴുത്തുകാരന്കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച എഴുത്തുകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ എഴുത്തുകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.