നിങ്ങളുടെ ജീവിതം ഒരു വരദാനമായി, ഒരു അനുഗ്രഹമായി നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടോ? ജീവിത സൗന്ദര്യത്തിന്റെ ഗന്ധം നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടോ? ഇരുണ്ടതും വേദനാജനകവുമായ ഒരു അകമാണോ നിങ്ങള്‍ക്കുളളത്? പൂക്കളെപ്പോലെ സ്വതന്ത്രമായി വിടരാന്‍ ധൈര്യമില്ലാത്തവരാണോ നിങ്ങള്‍? ചിറകുവിരിച്ച് അരയന്നങ്ങള്‍ തടാകങ്ങള്‍ വിട്ട് പോകുന്നതു പോലെ പറന്നകലാന്‍, നിങ്ങളുടെ സ്വന്തം ചിറകുപയോഗിച്ച് പറക്കാന്‍ ധൈര്യമില്ലാത്തവരാണോ നിങ്ങള്‍?
എങ്കില്‍ ഇനിയും നിങ്ങള്‍ കാര്യങ്ങളെ മാറ്റിവെക്കാതിരിക്കുക. ഈ പുസ്തകം ഒരവസരമായി നിങ്ങള്‍ ഉപയോഗപ്പെടുത്തുക. മാറ്റത്തിലേക്ക്, മാനസിക മാറ്റത്തിലേക്ക് നിങ്ങള്‍ എടുത്ത് ചാടുക. എടുത്തുചാട്ടത്തിന് നിങ്ങള്‍ തയാറാണെങ്കില്‍ പിന്നെ നിങ്ങള്‍ ആ പഴയ ആളായിരിക്കില്ല.
ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ബന്ധനത്തില്‍ നിലനിര്‍ത്തിയിരിക്കുന്നത് ചങ്ങലകളല്ല. മറിച്ച് നിങ്ങളാണ് ചങ്ങലകളും പിടിച്ചു നില്‍ക്കുന്നത്. ചങ്ങലയില്‍ കുടുങ്ങാന്‍ ഒരുങ്ങി നില്‍ക്കുന്നവനെപ്പോലെയാണ് നിങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.
Live to win എന്നായിരിക്കണം നിങ്ങളുടെ തത്ത്വം. വിജയിക്കുവാന്‍ ജീവിക്കുക. പക്ഷേ, പലപ്പോഴും നിങ്ങളുടെ ജീവിതം Live not to loose എന്നതാണ്. പരാജയപ്പെടാതിരിക്കാനുളള ജീവിതം. ഇത്തരത്തിലാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ പരാജയമായിരിക്കും ഫലം.
ഓര്‍ക്കുക. തടവറ നിങ്ങളെ പിടിച്ചു നിര്‍ത്തുകയല്ല. മറിച്ച് നിങ്ങളാണ് തടവറയില്‍ നിന്നും പുറത്തുകടക്കാത്തത്. നിങ്ങള്ക്കകത്ത് നടക്കുന്ന ആ നെഗറ്റീവ് ചിന്തകളെ മാറ്റിയാല്‍ മാത്രമെ അതിന്ന് സാധ്യമാവുകയുളളൂ. ചിന്തകളെ മാറ്റുകയാകട്ടെ ചന്ദ്രനില്‍ പോകുന്നതിനെക്കാള്‍ സാഹസമായിട്ടാണ് നിങ്ങള്‍ക്കനുഭവപ്പെടുന്നത്. അത്യന്തം അമൂല്യമായ ഈ ജീവിതം കളഞ്ഞു കുളിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിക്കുന്നു?
മുകളില്‍ പറഞ്ഞ ഈ മാറ്റത്തിന് തടസ്സമായി നില്ക്കുന്ന ഒരു കാര്യമാണ് ഈ അധ്യായത്തില്‍ എനിക്ക് പറയാനുളളത്. ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ വളരെ വിലപിടിച്ചതാണ് എന്നതിനാല്‍ ഹൃദയം കൊണ്ട് ഒപ്പിയെടുക്കുക. മഹത്തായ ആ മാറ്റത്തിന് നിങ്ങള്‍ക്കും സാധ്യമാകും. ഈ പുസ്തകം ഇത്രയും അധ്യായം വായിച്ചു തീര്‍ത്ത നിങ്ങള്‍ ഒരുപാട് മാറിക്കഴിഞ്ഞുവെന്നതിനാല് ഇനി മാറ്റം വളരെ എളുപ്പമായിരിക്കും. ശ്രദ്ധയോടെ വായിക്കുക.
ഒരേപോലുളള രണ്ടു കാറുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരേപോലുളള ബൈക്കുകളും കണ്ടുകാണും. അങ്ങനെ ഒരേപോലുളള പലതും കണ്ടുകാണും.
എന്നാല്‍ ഒരേപോലുളള രണ്ടു വ്യക്തികളെ എപ്പോഴെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ല, സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. രൂപത്തില്‍ ചില സാദൃശ്യങ്ങള്‍ കണ്ടേക്കാം. പക്ഷേ, ഒരേ പോലുളള രണ്ടു വ്യക്തികള്‍ ഈ ലോകത്തില്ല തന്നെ.
എല്ലാവരും ഈ ലോകത്ത് അതുല്യരാണ്. അതെ നിങ്ങളും അതുല്യനാണ്. മഹാപ്രതിഭ നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. ആ പ്രതിഭ ഏത് മേഖലയില്‍ ഉളളതാണെന്ന് പറയാന്‍ എനിക്കുവയ്യ. പക്ഷേ, അതവിടെ അകത്ത് ഒളിഞ്ഞുകിടക്കുന്നുണ്ട്. കാരണം, സൃഷ്ടിപ്പ് അങ്ങനെയാണ്. സൃഷ്ടിപ്പില്‍ കാര്‍ബണ്‍ കോപ്പികള്‍ ഇല്ല. എല്ലാം വ്യത്യസ്തം, എല്ലാം വ്യതിരിക്തം.
നിങ്ങളുടെ പൂന്തോപ്പില്‍ വിരിയുന്ന പനിനീര് പൂവിനെ നോക്കൂ. ഒരു പനിനീര് പൂവിനെപോലുളള, അതിന്റെ അതേ രാസഘടനയുളള മറ്റൊരു പനിനീര് പൂവും ഈ ലോകത്തില്ല! ഒരേ പോലെയുളള രണ്ടു പാറകളില്ല, മരങ്ങളില്ല. നിങ്ങളുടെ മുറ്റത്തുനിന്നും രണ്ടു കൈകളിലും ചരല്‍ക്കല്ലുകള്‍ നിങ്ങള്‍ വാരിയെടുക്കൂ. ഒരു ചരല് കല്ലിനെപ്പോലെയുളള (അതിന്നകത്തെ ആറ്റമിക് ഘടനകള്‍) മറ്റൊരു ചരല്ക്കല്ലില്ലെന്ന് ശാസ്ത്രം പറയുന്നു. ഈ ഭൂമിയില്‍ മാത്രമല്ല, ആ ചരല്‍ക്കല്ലിന്‍ സമാനമായ ഒരു ചരല്‍ക്കല്ല് പ്രപഞ്ചത്തിലെവിടെയും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ശാസ്ത്ര ഗവേഷണം പറയുന്നു.
എന്നാല്‍ ആലോചിക്കുക, മനുഷ്യന് മാത്രം താരതമ്യം ചെയ്യുന്നു. ചെറുപ്പം മുതലേ അവന് ലാബലിങ്ങ് തുടങ്ങുന്നു.
“ഇവന് വല്ല്യച്ചന്റെ അതേ പകര്‍പ്പാണ്”
“ഇവള് അമ്മൂമയുടെ അതേ പകര്‍പ്പാണ്”
ഇങ്ങനെ പലതരത്തിലുളള താരതമ്യം കേട്ട് ചെറുപ്പത്തിലേ വളര്‍ന്നതുകൊണ്ടു മാത്രമാണ് പ്രപഞ്ചത്തിലെ ഈ മഹാസത്യം നമുക്ക് മാത്രം, മനുഷ്യന് മാത്രം ഉള്‍ക്കൊള്ളാന്‍ പറ്റാത്തത് എന്ന് മനസ്സിലാക്കുക.
നിങ്ങള്‍ അതുല്യനാണെന്ന് നിങ്ങള്‍ക്ക് ചിന്തിക്കുക അസാധ്യമായിരിക്കും. ചിന്തിച്ചാല്‍ തന്നെ അത് വൈകാരികതലത്തില്‍ ഉള്‍കൊള്ളാന്‍ പറ്റുകയില്ല.
മറ്റുളളവരിലെ നന്മകള് നമുക്ക് ഉള്കൊളളാം. പക്ഷേ, നമുക്ക് മറ്റുളളവരാകാന് സാധ്യമല്ല. ‘ഞാന്‍’ ഞാന്‍ തന്നെയാണ് എപ്പോഴും. അടിസ്ഥാനപരമായി ഞാന്‍ ഞാനായിരിക്കണം. എനിക്കകത്തുള്ള പലവിധ കഴിവുകളും എനിക്ക് തിരിച്ചറിയാന്‍ വിധിക്കുമ്പോള്‍ എനിക്കകത്ത് മഹത്തായ ഒരു മാറ്റംസംഭവിക്കുന്നു.
ഇത് തിരിച്ചറിയുന്നില്ലയെങ്കില് എപ്പോഴും നിങ്ങളുടെ ജീവിതം ഒരു ‘ഡമ്മി’ ജീവിതമായിരിക്കും. ‘ഇവന് അമ്മാവനെപ്പോലെ തന്നെയാണ്്’, ‘ഇവള് അമ്മയുടെ തനിസ്വരൂപമാണ്’ എന്നൊക്കെ കേട്ടുവളര്‍ന്നതാണ് നമുക്ക് നാമാകാതിരിക്കാന് പറ്റാത്തതിന്റെ അടിസ്ഥാനകാരണം.
ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന വിലക്കിന്റെ പേര് തന്നെ “അരുത്, നീയായിരിക്കരുത്” (Don’t be you) എന്നാണ്. ഇങ്ങനെ ലേബല്‍ ചെയ്യുമ്പോള്‍ താരതമ്യം ചെയ്യപ്പെടുന്ന കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാന്‍ അറിയാതെ കുട്ടി ശ്രമിക്കുന്നു.
അതിനാല്‍ ഇനിയെങ്കിലും നിങ്ങള്‍ ബോധവാനാവുക; സൃഷ്ടിപ്പില്‍ കാര്ബണ്കോപ്പിയില്ല, ഫോട്ടോസ്റ്റാറ്റില്ല. ലോകത്തുളള സകലരുടെയും വിയര്‍പ്പിന്റെ ഗന്ധം മുതല്‍ സകലതും വ്യത്യസ്മാണെന്നറിയുമ്പോള് അതിലെ അത്ഭുത പ്രതിഭാസമൊന്ന് ചിന്തിച്ചു നോക്കൂ. ഓരോവ്യക്തിയും നിങ്ങളടക്കം ഒരു അത്ഭുത പ്രതിഭാസമാണ്.
നിങ്ങള്ക്കകത്തുളള ആ പ്രതിഭയെ കണ്ടെതത്തുക. അല്ലെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ ദുരിതമനുഭവിക്കും. നിങ്ങള്‍ മറ്റൊരാളുമായി നിങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ രണ്ടുകാര്യങ്ങള്‍ അവിടെ സംഭവിക്കും.
1. നിങ്ങള്‍ താരതമ്യം ചെയ്യുന്ന ആളെക്കാള്‍ ഉത്കൃഷ്ടനാണ് നിങ്ങളെന്ന് നിങ്ങളുടെ അഹംബോധം (ego) പറയും. ഈ തോന്നല്‍ നിങ്ങളുടെ തലക്കു പിടിച്ചു കഴിഞ്ഞാല്‍ പിരിമുറുക്കം അനുഭവിക്കാന്‍ തുടങ്ങും. അപ്പോള്‍ നിങ്ങള്‍ നിരാശയനുഭവിക്കേണ്ടിവരും. നിങ്ങളുടെ യഥാര്‍ഥ വ്യക്തിത്വം ശിഥില മായിത്തീരും. നൊമ്പരങ്ങള്‍ മാത്രമായിരിക്കും ബാക്കി. ഫലമോ ജീവിതത്തില്‍ എവിടെയും എത്താതെ പരാജയം മാത്രം.
2. ഓര്‍ക്കുക, താരതമ്യം ചെയ്യുമ്പോള്‍ ഒരു കാര്യത്തില്‍ നിങ്ങള്‍ ആരുടെയെങ്കിലും മുന്നിലാണെന്നു തോന്നുന്നുവെങ്കില്‍ മറ്റൊരു കാര്യത്തില്‍ നിങ്ങള്‍ ആരുടെയെങ്കിലും പിന്നിലായിരിക്കും. ഒരാള്‍ നിങ്ങളെക്കാള്‍ നീളമുളളയാളാണെങ്കില് മറ്റൊരാളെക്കാള്‍ ഉയരം കുറഞ്ഞവനായിരിക്കും നിങ്ങള്‍.....! നിങ്ങള്‍ ഒരാളെക്കാള്‍ സുന്ദരനാണെങ്കില്‍ മറ്റൊരാള്‍ നിങ്ങളെക്കാള്‍ സുന്ദരനായിരിക്കും....! ഒരാള്‍ നിങ്ങളെക്കാള്‍ ജ്ഞാനിയാണെങ്കില്‍ മറ്റൊരാള്‍ നിങ്ങളെക്കാള്‍ അറിവില്ലാത്തവനായിരിക്കും...! താരതമ്യം ചെയ്യുമ്പോള്‍ എപ്പോഴും ഈ രണ്ടു പ്രശ്നങ്ങളും പൊങ്ങിവരും. രണ്ടും ആത്യന്തികമായി പരാജയത്തിലേക്ക് നയിക്കുകയും ചെയ്യും.
അതിനാല്‍ ഓര്‍ക്കുക. നിങ്ങള്‍ അതിവിശിഷ്ടമായ, പ്രത്യേക കരവിരുതാണ്. പ്രത്യേക സൃഷ്ടിയാണ്. നിങ്ങള്‍ ആരെപ്പോലെയുമല്ല. നിങ്ങള്‍ അമൂല്യനും അതുല്യനുമാണ്. ഈ മഹായാഥാര്ഥ്യം അംഗീകരിക്കുവാന്‍ നമ്മെ അനുവദിക്കാത്ത, ചെറുപ്പത്തിലെ “അരുത്, നീയായിരിക്കരുത്”എന്ന വിലക്ക് ഇനിയെങ്കിലും പൊട്ടിച്ചെറിയുക.
മറ്റൊരു കാര്യവും കൂടി. ഇനി ഒരു കുട്ടിയെക്കണ്ടാലും ഇത്തരത്തിലുളള ഡയലോഗ് പറഞ്ഞുപോകരുത്. നാം ഇതിന്ന് ഇരയായിപ്പോയി എന്നു കരുതി അടുത്ത തലമുറയെ അങ്ങനെ ആക്കണമെന്നില്ലല്ലോ. അവരെ രക്ഷപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. അതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയും പഠിക്കുകയുമാണ് വേണ്ടത്.
തയ്യാറാണോ നിങ്ങള്‍? തടവറയില്‍ നിന്നും പുറത്തുചാടാന്‍ നിങ്ങള്‍ തയ്യാറാണോ? ഭയത്തിന്റെ ഒരു കണിക പോലും ഇനി അകത്ത് ബാക്കിവെക്കരുത്. തടവറയുടെ പുറത്ത് മഹാലോകമാണുളളത്.
ഒരു മുക്കുവന്റെ കഥ പറഞ്ഞ് ഈ അധ്യായം ഞാന്‍ അവസാനിപ്പിക്കട്ടെ! എന്നത്തെയും പോലെ അന്നും മുക്കുവന് വലയുമായി നദിക്കരയിലെത്തി. ഇനിയും സൂര്യന് ഉദിച്ചിട്ടില്ലാത്തതിനാല് ഇരുട്ടാണ്. അദ്ദേഹം വലയെറിഞ്ഞ് കരയിലേക്ക് കയറിവരുമ്പോള്‍ എന്തോ സഞ്ചിപോലുളള ഒന്ന് കാലില്‍ തടഞ്ഞു. നിറയെ ചരല്കല്ലുകളുളള ഒരു സഞ്ചി. അയാള്‍ കരയില്‍ ഇരിക്കുമ്പോള്‍ സഞ്ചിയില്‍ നിന്നും ഓരോ ചരല്‍ക്കല്ലെടുത്ത് അലസമായി നദിയിലേക്കെറിഞ്ഞു.
പ്രഭാതം പൊട്ടി വിടര്‍ന്നു. അവസാനത്തെ ചരല്‍ക്കല്ല് എറിയുന്നതിന്നുമുമ്പ് അയാള്‍ അതിലേക്കു നോക്കി. അക്ഷരാര്‍ഥത്തില്‍ അയാള്‍ അത്ഭുതപ്പെട്ടുപോയി. അത് ചരല്ക്കല്ലായിരുന്നില്ല! വിലപിടിപ്പുളള ഡയമണ്ടുകളായിരുന്നു. അതെ ഒറിജിനല്‍ രത്നം!! ചരല്ക്കല്ലെന്നു കരുതി നദിയുടെ ആഴത്തിലേക്ക്, ചെളി നിറഞ്ഞ ആ നദിയിലേക്ക് അയാള്‍ അവ വലിച്ചെറിയുകയായിരുന്നു. എത്ര ഹതഭാഗ്യന് അയാള്‍, അല്ലേ? എങ്കില്‍ അതിനെക്കാള്‍ ഹതഭാഗ്യനാണ് നിങ്ങളെന്ന് ഞാന്‍ പറയും. ജീവിതത്തിലെ എത്രയെത്ര പുണ്യ അവസരങ്ങളാണ് നിങ്ങള്‍ വലിച്ചെറിഞ്ഞത്. ‘അത് ശരിയാവില്ല, അതെന്നെക്കൊണ്ടാവില്ല, അതൊന്നും എനിക്ക് പറഞ്ഞതല്ല’ എന്നൊക്കെ പറഞ്ഞ് വലിച്ചെറിഞ്ഞ അവസരങ്ങള്‍ എത്രമാത്രമായിരുന്നു. ആലോചിച്ചു നോക്കൂ.
അയാള്‍ വലിച്ചെറിഞ്ഞത് ഡയമണ്ട് കല്ലുകളാണെങ്കില്‍ നിങ്ങള്‍ വലിച്ചെറിഞ്ഞത്, വലിച്ചെറിഞ്ഞുകൊണ്ടിരിക്കുന്നത് ജീവിതം തന്നെയാണ്.
പക്ഷേ, നിരാശപ്പെടേണ്ടതില്ല. നിങ്ങള്‍ വലിച്ചെറിഞ്ഞതൊന്നും എവിടെയും പോയിട്ടില്ല. ഇനിയും അവസരങ്ങളുണ്ട്. അവസാനത്തെ ഒരു ഡയമണ്ട് മുക്കുവന്റെ കയ്യിലുളളതുപോലെ, ആ ഡയമണ്ട് ഉപയോഗിച്ച് മുക്കുവന് നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിക്കുന്നതുപോലെ നിങ്ങള്‍ക്കും എല്ലാം തിരിച്ചുപിടിക്കാം. കാരണം, നിങ്ങളുടെ മനസ്സില്‍ മാത്രമാണ് കണ്ടീഷനിങ് ബാധിച്ചിരിക്കുന്നത്. മസ്തിഷ്കം നൂറ് ബില്യണ്‍ ന്യൂറോണോടുകൂടി കാത്തിരിക്കുകയാണ്, ഉപയോഗപ്പെടുത്തുവാന്‍. നിങ്ങള്‍ക്ക് നല്കപ്പെട്ട അപാരമായ ആ ശക്തിയെ ഉപയോഗപ്പെടുത്തുക; മുന്നേറുക. Wish you a great success, true success. പ്രതിജ്ഞ പറഞ്ഞ് അടുത്ത അധ്യായത്തിലേക്ക് പ്രവേശിക്കുക.
പ്രതിജ്ഞ:
“ഞാന്‍ അതുല്യനാണ്. എന്നെപ്പോലെ മറ്റാരുമില്ല. അതുല്യതയുടെ അസാധ്യമായ എനര്ജിയുമായിട്ടാണ് ഞാന്‍ ജനിച്ചത്. വിജയത്തിലേക്കുള്ള മഹാ ചേരുവയായ ഈ എനര്‍ജിയെ ഞാന്‍ തിരിച്ചു പിടിക്കുകതന്നെചെയ്യും.”
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ എഴുത്തുകാരന്കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച എഴുത്തുകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ എഴുത്തുകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.